ഇരുവായൂർ: ആസ്വാദകർക്ക് ദൃശ്യവിരുന്നായി രാധാമാധവം നൃത്താവിഷ്ക്കാരം. .പ്രശസ്ത മോഹിനിയാട്ടം കലാകാരി പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിച്ച കലാരൂപമാണ് ഗുരുവായൂർ ഉൽസവ വേദിയെ ആനന്ദത്തിലാക്കിയത്.
മോഹിനിയാട്ടവും കഥകളിയും ഇടകലർത്തി രംഗസംവിധാനം ചെയ്ത നൃത്തപരിപാടിയായിരുന്നു ഇത്.
ജീവാത്മാവായ രാധയുടെയും പരമാത്മാവായ കൃഷ്ണന്റെയും പ്രണയവും വിരഹവും മാത്രമല്ല ഭക്തിയുടെ പാരമ്യത്താൽ ജീവാത്മാവായ രാധയുടെ പരമാത്മാവിലേക്കുള്ള ലയനവും കൂടി നൃത്താവിഷ്ക്കാരത്തിൽ ദൃശ്യമായി.
സദനം ബാലകൃഷ്ണൻ രചിച്ച ഈ ഭക്തികാവ്യത്തിന് പാലക്കാട് സൂര്യനാരായണനും കലാമണ്ഡലം ജയപ്രകാശും സംയുക്തമായിട്ടാണ് രാഗമാലികയിലും താളമാലികയിലും സംഗീതം നിർവ്വഹിച്ചത്.
ഗുരു സദനം ബാലകൃഷ്ണനും പല്ലവികൃഷ്ണനും ചേർന്ന് ചിട്ടപ്പെടുത്തിയതാണ് ഈ നൃത്താവിഷ്‌ക്കാരം. പല്ലവികൃഷ്ണന് പുറമെ കലാമണ്ഡലം ഷീന സുനിൽ, കലാമണ്ഡലം ജയശ്രീ ഹരികൃഷ്ണൻ എന്നിവരോടൊപ്പം കഥകളി കലാകാരന്മാരായ കലാമണ്ഡലം തുളസി, കലാമണ്ഡലം ശബരീനാഥ്, കലാമണ്ഡലം വിശാഖ് എന്നിവരും രംഗവേദിയിയിലെത്തി. വായ്പാട്ടിൽ സദനം ജ്യോതിഷ് ബാബു, മൃദംഗത്തിലും മദ്ദളത്തിലും കലാമണ്ഡലം ഹരികൃഷ്ണൻ ചെണ്ട, ഇടക്ക എന്നിവയിൽ കലാമണ്ഡലം അരുൺദാസ് , എന്നിവരോടൊപ്പം പുല്ലാംകുഴലിൽ മുരളീ നാരായണനും, അരങ്ങിൽ ഒത്തുചേർന്നു.