ഗുരുവായൂർ: ആധുനിക കാലത്തെ നയതന്ത്ര പ്രതിസന്ധികൾ വരെ അതിജീവിക്കാൻ പ്രാപ്തിയുള്ള കഥാപാത്രമാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണനെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു.
ഇൻഡ്യാ – പാക് തർക്കം തീരാത്തതത് ശ്രീകൃഷ്ണനെ പോലുള്ള ഒരു നയതന്ത്രജ്ഞൻ ഇല്ലാത്തതിനാലാണ്; അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ അഞ്ചാം ദിവസത്തെ ആദ്ധ്യാത്മിക പ്രഭാഷണം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
‘മഹാഭാരതത്തിലെ ശ്രീകൃഷ്ണൻ ‘ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ലോകത്തെ എല്ലാ മനുഷ്യരുടെയും എല്ലാ നിറവും ചേർന്ന നിറമാണ് ശ്രീകൃഷ്ണന്. അത് വെളുപ്പല്ല. കറുത്ത നിറവുമല്ല. അത് എല്ലാവരെയും ഒന്നിപ്പിക്കുന്നു. .എല്ലാ മനുഷ്യരുടെയും നല്ല സ്വഭാവം അദ്ദേഹത്തിലുണ്ട്. ലോകത്തെ മറ്റൊരു സാഹിത്യത്തിലും ഇങ്ങനെയൊരു കഥാപാത്രമില്ല. പാഞ്ചാലീ സ്വയംവര രംഗത്തിലാണ് കൃഷ്ണൻ ആദ്യമായി മഹാഭാരതത്തിൽ രംഗത്ത് വരുന്നത്. സ്ത്രീകളുടെ മോഹസാഫല്യത്തിന് അദ്ദേഹം മുൻഗണന നൽകുന്നുണ്ട്. ആധുനിക കാലത്തുപോലും, സ്ത്രീകളുടെ താൽപര്യം പരിഗണിക്കാത്ത സമൂഹമാണ് നമ്മുടേതെന്ന് ഓർക്കണം. അവിടെയാണ് കൃഷ്ണൻ്റെ പ്രസക്തി. അദ്ദേഹത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും നയതന്ത്രജ്ഞതയുടെ ചാരുതയുണ്ട്. മഹാഭാരത യുദ്ധത്തിലും ആ നയതന്ത്രജ്ഞത കാണാം. തെറ്റായ യുദ്ധത്തിൻ്റെ പര്യായമാണ് ദുദ്യോധനൻ. കൃഷ്ണനാകട്ടെ ശരിയായ യുദ്ധത്തിൻ്റേതും. ശരിയിലേക്ക് നടക്കുമ്പോൾ കൃഷ്ണനിലേക്കായി. എവിടെ ശ്രീകൃഷ്ണനുണ്ട് അവിടെ ധർമ്മമുണ്ടെന്നും എവിടെയാണ് ധർമ്മമുള്ളത് അവിടെ വിജയമുണ്ടെന്നും ഭീഷ്മർ പറയുന്നത് അതിനാലാണ് – മുല്ലക്കര വ്യക്തമാക്കി.
ആദ്ധ്യാത്മിക പ്രഭാഷണം നടത്തിയ മുൻ മന്ത്രി മുല്ലക്കര രത്നാകരന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ദക്ഷിണ നൽകി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായി.