ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്: ചാവക്കാട് ബീച്ചിന്റെ വികസനം യു ഡി എഫിനെ വിറളി പിടിപ്പിക്കുന്നു; എം എൽ എ

➤ ALSO READ

ചാവക്കാട്: ചാവക്കാട് ബിച്ചില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് ആരംഭിച്ചത് വലിയ ആവേശത്തോടെ ജനങ്ങള്‍ ഏറ്റെടുത്തത് യു.ഡി.എഫിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. തികച്ചും വിലകുറഞ്ഞതും പരിഹാസ്യരാകുന്നതുമായ ആരോപണവുമായാണ് യു.ഡി.എഫ് രംഗത്ത് വന്നിട്ടുള്ളത്. 

കേരളത്തിന്റെ തീരപ്രദേശങ്ങളെ മനോഹരമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കുകയും വിനോദ സഞ്ചാരികളെ അവിടേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികളിലൊന്നാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്. സംസ്ഥാനത്തെ 5-ാം മത്തെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജാണ് ചാവക്കാട് ബഹു.ടൂറിസം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 

കേരള അഡൈ്വഞ്ചര്‍ ടൂറിസം സൊസൈറ്റിയുടെ ഗൈഡ് ലൈന്‍ പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും പ്രവര്‍ത്തിക്കുന്നത്. ആയതിന്റെ സി.ഇ.ഒ പരിശോധന നടത്തിയാണ് അനുമതി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചാവക്കാട് ബീച്ചിനായി രൂപികരിച്ച ഗുരുവായൂര്‍ എം.എല്‍.എ ചെയര്‍മാനും ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വൈസ് ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി ചീഫ് എക്‌സി. ഓഫീസറുമായിട്ടുള്ള ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് (ഡി.എം.സി) ചാവക്കാട് ബീച്ച് വികസന പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് ഡി.എം.സി മത്സരാധിഷ്ഠിത  ടെണ്ടര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ബി.ബി.സി എന്ന ഗ്രൂപ്പിന്  15 ലക്ഷം രൂപക്ക് ടെണ്ടര്‍ ലഭിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നടത്തുന്നതിന് അനുമതി നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള 7 മാസമാണ് ഇവര്‍ക്ക് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നടത്താന്‍ കഴിയുക. മണ്‍സൂണ്‍ ആരംഭിക്കുന്ന മെയ് മുതല്‍ സെപ്തംബര്‍ വരെ അനുമതി ഇല്ലാത്തതാണ്. 30 മിനിട്ട്് വരെ ഒരാള്‍ക്ക് ഫ്‌ളോട്ടിംഗ് ബ്രിഡ്ജില്‍ തങ്ങുന്നതിന് അനുമതിയുള്ളതും സംസ്ഥാനത്തെ എല്ലാ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലും വാങ്ങുന്ന നിരക്കായ ജി.എസ്.ടി തുകയടക്കം 120 രൂപയാണ് ചാവക്കാട് ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലും ഈടാക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ് സ്വകാര്യമേഖലയെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ബി.ഓ.ടി പദ്ധതിയും പി.പി.പി പദ്ധതിയും . സ്വകാര്യമേഖലയെ കൂടി ഉള്‍പ്പെടുത്തി വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെ യു.ഡി.എഫുകാര്‍ തന്നെ വിമര്‍ശിക്കുന്നത് അവരെ പരിഹാസ്യരാക്കുകയാണ്.  ചാവക്കാട് നഗരസഭയെ മാത്രം പരിഗണിക്കാതെ എല്‍.ഡി.എഫ്  യു.ഡി.എഫ് വ്യത്യാസമില്ലാതെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം നടത്തിയിട്ടുള്ളത്. അര്‍ഹതയുള്ള എല്ലാവരെയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനര്‍ഹരെ വിളിച്ച് വരുത്തി പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റാന്‍ ഉദ്ദേശിച്ചിട്ടില്ല.  ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പദ്ധതിക്കും ബീച്ച് വികസനത്തിലുമുള്ള ജനങ്ങളുടെ സ്വീകാര്യത യു.ഡി.എഫിനെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. അതാണ് ഇത്തരം വികലമായ ജല്‍പ്പനങ്ങളുടെ കാരണം.  വിവാദങ്ങള്‍ കൊണ്ട് ബീച്ചിന്റെ വികസനത്തെ അട്ടിമറിക്കാന്‍ ഒരു കാരണവശാലും അനുവദിക്കുകയില്ല. ബിച്ചിന്റെ വികസനം തുടരുക തന്നെ ചെയ്യുമെന്നും എം എൽ എ വ്യക്തമാക്കി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts