ചാവക്കാട് – ചേറ്റുവ ദേശീയപാത 66 ലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും

ചാവക്കാട്: ദേശീയപാത 66ല്‍ ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും.

പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍ എം.പിയുടെയും എന്‍.കെ അക്ബര്‍ എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

ചാവക്കാട് നഗരസഭ ചെയർപേഴസൺ ഷീജ പ്രശാന്ത്, ഒരുമനയർ പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. സെപ്റ്റംബര്‍ 26 മുതല്‍ ഒരാഴ്ചക്കകം റോഡിലെ വെള്ളക്കെട്ടൊഴിവാക്കി കുഴികളടച്ച് ടൈല്‍സ് വിരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് നാഷണൽ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കളക്ടർ നിര്‍ദ്ദേശം നല്‍കി.

അടിയന്തരമായി റോഡിലെ കുഴികള്‍ മെറ്റല്‍ ഉപയോഗിച്ച് അടയ്ക്കണം. കേടുവന്ന ഇന്റര്‍ലോക്കിങ് പാവര്‍ ബ്ലോക്ക് മാറ്റി സ്ഥാപിക്കുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി. കെട്ടിക്കിടക്കുന്ന കാനകള്‍ തുറന്ന് വൃത്തിയാക്കണമെന്നും റോഡിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും എൻ കെ അക്ബർ എം.എൽ.എ ആവശ്യപ്പെട്ടു.

നിർമ്മാണ പ്രവൃത്തി കഴിയുന്നത് വരെ ഈ വഴിയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനമായി. നിര്‍മ്മാണ പ്രവര്‍ത്തി നടക്കുമ്പോള്‍ ചേറ്റുവയില്‍ നിന്നും ചാവക്കാടേക്ക് വരുന്ന വാഹനങ്ങള്‍ ബീച്ച് വഴി തിരിച്ചു വിടും. ചാവക്കാട് മുനിസിപ്പാലിറ്റിയുടെയും ഒരുമനയൂര്‍ പഞ്ചായത്തിന്റെയും എഞ്ചിനീയര്‍മാര്‍ നിര്‍മ്മാണ പുരോഗതി വിയിരുത്തും. പോലീസിന്റെ സേവനം ഉറപ്പുവരുത്താനും യോഗം നിര്‍ദ്ദേശിച്ചു. വരുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ റോഡ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തും.

ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍, ചാവക്കാട് എസ്.ഐ ഷാജു, ചാവക്കാട് മുനിസിപ്പാലിറ്റി, ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ആര്‍.ടി.ഒ പ്രതിനിധികള്‍, ദേശീയപാത അതോറിട്ടി പ്രതിനിധികള്‍, ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts