ഉപഭോക്താക്കൾക്ക് ഇത്തവണ ഗംഭീര അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഫീച്ചറിലും ഇന്റർഫേസിലും അടിമുടി മാറ്റങ്ങളാണ് വാട്സ്ആപ്പ് വരുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ അവതരിപ്പിച്ച ചാനൽ ഫീച്ചറാണ് ഇത്തവണ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഈ ഫീച്ചർ വന്നതിന് പിന്നാലെ സെലിബ്രിറ്റികളടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ ചാനലിൽ ലിങ്കുകൾ ഷെയർ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരുകൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവയ്ക്കാൻ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനൽ.
ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഒരുമിച്ചാണ് വാട്സ്ആപ്പിന്റെ ചാനൽ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ചാനലിലൂടെ ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ അവരുടെ സബ്സ്ക്രൈബേഴ്സിനോട് വാർത്തകളും വിശേഷങ്ങളും പങ്കുവെയ്ക്കാൻ കഴിയും. വാട്സ്ആപ്പ് ചാനൽ ഇൻവിറ്റേഷൻ ലിങ്കിലൂടെ ഉപഭോക്താക്കൾക്ക് ചാനലിലേക്ക് പ്രവേശനം നേടാൻ കഴിയുന്നതാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് എന്ന പുതിയ ടാബിലാണ് വാട്സ്ആപ്പ് ചാനൽ കാണാൻ സാധിക്കുക.
വൺവേ ബ്രോഡ്കാസ്റ്റ് സംവിധാനമായതിനാൽ, അഡ്മിന് മാത്രം മെസേജ് അയക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ചാനലുകൾ പ്രവർത്തിക്കുക. ചാനലിൽ പങ്കാളികളാകുന്നവരുടെ പ്രൊഫൈൽ അഡ്മിന് മാത്രമാണ് കാണാൻ കഴിയുക. ചാനലിൽ ഉള്ള മറ്റ് അംഗങ്ങളുടെ ഫോൺ നമ്പറോ, പ്രൊഫൈലോ കാണാൻ കഴിയുകയില്ല. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ, ചാനലിലെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് എടുക്കുന്നതിന് വരെ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പരമാവധി 30 ദിവസം വരെ മാത്രമാണ് വാട്സ്ആപ്പ് ചാനൽ ഹിസ്റ്ററി സൂക്ഷിക്കാൻ കഴിയുകയുള്ളൂ.