നാളെയാണ് ശ്രീകൃഷ്ണ ജയന്തി. അഷ്ടമിരോഹിണി മഹോൽസവ ദിനത്തിൽ ശ്രീഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാർത്ഥിച്ചു കഴിഞ്ഞാൽ പിന്നെ ലക്ഷ്യം ഒന്നേയുള്ളു. കണ്ണൻ്റെ പിറന്നാൾ സദ്യയ്ക്ക് കൂടണം. പാൽപായസം കൂട്ടി ആ വിശേഷാൽ പ്രസാദ ഊട്ടിൻ്റെ രുചിയറിയണം. അറിഞ്ഞാൽ മോഹസാഫല്യമായി.
പതിനാല് വിഭവങ്ങളാണ് ഇക്കുറി. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം, മോര്, ചോറ്.
എല്ലാം ഒന്നിനൊന്ന് കേമം. എങ്കിലും ശ്രീഗുരുവായൂരപ്പന് നിവേദിച്ച പാൽ പായസം പിറന്നാൾ ദിനത്തിൽ ഒന്ന് വേറിട്ടു നിൽക്കും. ഭക്തർക്ക് ഏറെ പ്രിയതരവുമാകും.
ഭക്തരുടെ മോഹം സഫലമാക്കാൻ അഗ്രശാലയിൽ തീവ്ര ശ്രമത്തിലാണ് ദേവസ്വം പാചകവിദഗ്ധർ. ജീവനക്കാരായ സി. എസ് കൃഷ്ണയ്യരും പി ആർ പരശുരാമനും ഒപ്പം ജി കെ നാരായണ അയ്യരും പ്രവൃത്തിക്കാരായ മറ്റു മുപ്പതു പേരും.
ശർക്കര വരട്ടിയും കായവ റവും പുളിയിഞ്ചിയും അച്ചാറും ഇതിനകം റെഡി. മറ്റുള്ള വിഭവങ്ങൾ വൈകാതെ സജ്ജമാകും. അഗ്രശാലയിൽ ദേഹണ്ഡ പ്രവൃത്തി തുടരുകയാണ്.