ഗുരുവായൂർ: തിരുവോണദിനമായ ആഗസ്റ്റ് 29 ചൊവ്വാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ ദർശനത്തിന് ക്രമീകരണം ഒരുക്കി. വി ഐ പി, സ്പെഷ്യൽ ദർശനങ്ങൾ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണിവരെ ഉണ്ടാകില്ല. ഭക്തരെ സാഹചര്യത്തിനനുസരിച്ച് കൊടിമരത്തിന് സമീപം വഴി നേരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും.
തിരുവോണ ദിവസം പതിനായിരം ഭക്തർക്ക് പ്രസാദഊട്ട് നൽകും. കാളനും ഓലനും പച്ചക്കൂട്ടും കായ വറവും മോരും പപ്പടത്തിനൊപ്പം തിരുവോണ വിശേഷാൽ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. കാലത്ത് 10 മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും പ്രസാദ ഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള പൊതുവരി 9ന് തുടങ്ങും. 2 മണിക്ക് പൊതുവരി അവസാനിപ്പിക്കുന്നതാണെന്ന് ദേവസ്വം അറിയിച്ചു.