ഗുരുവായൂർ: ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30, 31 ദിനങ്ങളിൽ പ്രദേശം ഒന്നായി അണിചേർന്ന് രൂപീകരിച്ച തട്ടകം ഓണാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണ്ണശബളമായി തിരുവെങ്കിടാചലപതി ക്ഷേത്ര മൈതാനിയിൽ നടത്തപ്പെടുന്ന ഓണാഘോഷത്തിന് അരങ്ങൊരുങ്ങി.
30 ന് രാവിലെ തിരുവെങ്കിടം ക്ഷേത മൈതാനിയുടെ പരിസരത്ത് വാദ്യ പ്രതിഭകളുടെ കേളികൊട്ടിന്റെ അകമ്പടിയിൽ ആഘോഷത്തിന് കൊടിയേറും. തുടർന്ന് വിവിധ കായിക – കലാ – വിനോദ മത്സരങ്ങൾക്ക് തുടക്കം കുറിക്കും
വൈകുന്നേരം 4 മണിക്ക് സെന്റ് ആന്റണീസ് പള്ളി പരിസരത്ത് നിന്ന് പ്രദേശത്തിന്റെ മേള, കലാ പെരുമ വിളിച്ചോതി നിശ്ചല വേഷങ്ങളുമായി വർണ്ണശബള വിളംമ്പര ഘോഷയാത്ര ആരംഭിച്ച് പ്രദേശം ചുറ്റി തിരുവെങ്കിടാചലപതി ക്ഷേതപരിസരത്ത് സമാപിക്കും
രണ്ടാം ദിനമായ 31 ന് കലാപരിപാടികൾ, മെഗാ തിരുവാതിരക്കളി, സാംസ്കാരിക സദസ്സ്, ഓണസദ്യ എന്നിവ ഉണ്ടാകും വൈകുന്നേരം 6 മണിക്ക് ബ്ലൂ ഡൈമണ്ട് ചാലക്കുടി അവതരിപ്പിക്കുന്ന വിസ്മയ മെഗാസ്റ്റേജ് ഷോയോടെ ഓണാഘോഷത്തിന് തിരശ്ശീല വീഴും.
ഇരുദിനങ്ങളിലുമായി മാരത്തോൺ, വടംവലി എന്നിവയോടൊപ്പം പൂക്കള മത്സരം, കിടപ്പ് രോഗികൾക്ക് ഓണക്കോടി വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് തട്ടകം ഓണാഘോഷ കമ്മിറ്റി ഭാരവാഹികളായ ചന്ദ്രൻ ചങ്കത്ത് , വിനോദ് കുമാർ അകമ്പടി , രവികുമാർ കാഞ്ഞുള്ളി. ജിഷോ പുത്തൂർ, ബിന്ദു കൂടത്തിങ്കൽ . ബാലചന്ദ്രിക അകമ്പടി , മുരളി പൈക്കാട്ട്, ബാലൻ വാറണാട്ട് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.