ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കമായി. 

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന ചൈതന്യ വർധനവിനായുള്ള തന്ത്ര -മന്ത്ര പ്രാധാന്യമേറിയ സഹസ്ര കലശചടങ്ങുകൾക്ക് തുടക്കമായി. 
വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് ആചാര്യവരണം നടന്നു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കോടിവസ്ത്രം, വെറ്റില, അടയ്ക്ക,  ദക്ഷിണ എന്നിവ നൽകി  ക്ഷേത്രം തന്ത്രി  ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ കലശ ചടങ്ങുകളുടെ ആചാര്യനായി വരിക്കുന്ന ഭക്തി നിർഭരമായ ചടങ്ങാണിത്. തുടർന്ന് നാലമ്പലത്തിലെ മുളയറയിൽ 16 വെള്ളിപ്പൂപ്പാലികകളിൽ ധാന്യങ്ങൾ വിതച്ച് കലശത്തിന്റെ മുളയിടൽ ചടങ്ങ് നടന്നു.
8 ദിവസത്തെ കലശച്ചടങ്ങുകളിൽ ശുദ്ധികർമങ്ങൾ, ഹോമങ്ങൾ, കലശാഭിഷേകം എന്നിവ നടക്കും.

മാർച്ച് 1 ന് തത്വകലശാഭിഷേകവും 2  ന് ആയിരം കുടം കലശം , ബ്രഹ്മകലശാഭിഷേകം എന്നിവയും നടക്കും.

കലശ ചടങ്ങുകളുടെ രണ്ടാം ദിവസമായ  നാളെ  വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പ്രസാദ ശുദ്ധി, വാസ്തുകലശം  തുടങ്ങിയ ശുദ്ധി ചടങ്ങുകൾ നടക്കും.

ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് നടക്കുന്ന ആനയോട്ടം മാർച്ച് 3ന് ഉച്ചതിരിഞ്ഞ് 3ന് നടക്കും. രാത്രി 9ന് ക്ഷേത്രം തന്ത്രി പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടികയറ്റും.  12 ന് ആറാട്ട് ചടങ്ങുകൾക്ക് ശേഷം കൊടിയിറങ്ങുന്നതോടെയാണ് ഉത്സവം സമാപിക്കുക.

കലശ-ഉത്സവദിവസങ്ങളിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല.

കലശ ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ ദർശന സംവിധാനത്തിലും മാറ്റമുണ്ടാകും. വടക്കേനടയിലെ വാതിലിലൂടെയാണ് ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനം. ഒരുവരിയേ ഉണ്ടാകൂ. തിരിച്ചും ഇതു വഴിതന്നെ പുറത്ത് കടക്കണം.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts