ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ മുൻഭാഗത്ത് അപ്സര ജംഗ്ഷനിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിൽ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വ്യാളി രൂപങ്ങളുടെയും ചാരുകാലുകളുടെയും മുഖപ്പുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു.
പൂർണ്ണമായും ആഞ്ഞിലി (ഐനി) മരത്തിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപാടാണ് ഗോപുരത്തിന്റെ കൈ കണക്കുകൾ തയ്യാറാക്കിയത്. ദേവസ്വം എൻജിനീയർമാരായ അശോക് കുമാറിന്റെയും, നാരായണനുണ്ണിയുടെയും മേൽനോട്ടത്തിലാണ് ഗോപുരത്തിന്റെയും നടപ്പുരയുടെയും നിർമ്മാണം നടക്കുന്നത്. പ്രശസ്ത ദാരുശില്പി എളവള്ളി നന്ദനും പെരുവല്ലൂർ മണികണ്ഠനുമാണ് ഗോപുരത്തിന്റെയും, നടപ്പുരയുടെയും നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നടപ്പുരയുടെ തൂണുകളിൽ നാല് അടി ഉയരത്തിലുള്ള ദശാവതാരങ്ങൾ മുതലായ റിലീഫ് ശില്പങ്ങളും സിമന്റില്‍ നിർമ്മിച് സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
വിദേശ വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഉടമയുമായ വിഘ്നേഷ് വിജയകുമാറാണ് നടപ്പുരയും ഗോപുരവും വഴിപാടായി സമർപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തികളിൽ ശില്പി എളവള്ളി നന്ദനെ കൂടാതെ ശില്പികളായ നവീൻ,രാജേഷ് സൗപർണിക, വിനീത് കണ്ണൻ, വിനയൻ, ദിവേക്, രഞ്ജിത്ത്, എന്നിവരും ശില്പ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്.