ഗുരുവായൂർ: തിരുവോണത്തോടനുബന്ധിച്ച് ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കുന്ന പുണ്യപ്രസിദ്ധമായ ‘ഉത്രാടം കാഴ്ചക്കുല സമർപ്പണം ഓഗസ്റ്റ് 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ്. രാവിലെ ശീവേലിക്കു ശേഷം കൊടിമര ചുവട്ടിൽ ക്ഷേത്രം മേൽശാന്തി, ശാന്തിയേറ്റ നമ്പൂതിരിമാർ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ, ഭക്തജനങ്ങൾ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും. സമർപ്പിച്ച കാഴ്ചക്കുലകളിൽ അനുയോജ്യമായവ തിരുവോണ നാളിൽ നിവേദിക്കുന്നതിനാവശ്യമായ പഴപ്രഥമൻ, പഴം നുറുക്ക് എന്നിവ തയ്യാറാക്കാനെടുക്കും.