ഗുരുവായൂർ : മലയാള വർഷാരംഭ ദിനമായ ചിങ്ങം ഒന്നിന് നാട് ഒന്നായി ഒരുമയോടെ ഏറ്റെടുത്തു നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തിൽ വാദ്യ രംഗത്തെ സമർപ്പിത പ്രതിഭാധനർക്ക് നൽകപ്പെടുന്ന 10,001 ക യും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന “ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരത്തിന് ഇത്തവണ വാദ്യ കുലപ്തിയും, ഗുരുശേഷ്ഠനുമായ “സദനം വാസുദേവനെ തെരഞ്ഞെടുത്തു.
ഏഴുപതിറ്റാണ്ടിലേറെ കാലമായി, ഇന്നും സമർപ്പിതമായി വാദ്യ സപര്യ പ്രകടമാക്കി. തന്റെ ജീവിതം തന്നെ സർഗസമജ്ജസമാക്കി, ഉഴിഞ്ഞുവെച്ച അസാമാന്യ അതുല്യ പ്രതിഭാധനനായ വാദ്യകലാകാരനാണ് സദനം വാസുദേവൻ. താളവാദ്യ രംഗത്തെ അമര നൈപുണ്യ സാരഥ്യനിറവായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ ഗുരുഭൂതനായി സത്ത പകർന്നുനൽകി, വാദ്യകലാ അദ്ധ്യാപകനായും മൂന്നുപതിറ്റാണ്ടോളം നിറശോഭയോടെ ഒട്ടനവധി പേർക്ക് പ്രാവീണ്യം നൽകിയ പ്രശോഭിതനുമാണ്.
ചിങ്ങമഹോത്സവ ദിനമായ ആഗസ്റ്റ് 17 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ഗുരുവായൂർ കിഴക്കേനട മഞ്ജുളാൽ പരിസരത്തുചേരുന്ന പ്രൗഢശേഷ്ഠമായ വേദിയിൽ പുരസ്കാരം സമ്മാനിയ്ക്കുന്നതുമാണ്. അന്നേദിനത്തിൽത്തന്നെ ഉച്ചയ്ക്ക് 3 മണിക്ക് വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ സാരഥ്യത്തിൽ നൂറ്റമ്പതിൽ പരം വാദ്യകലാകാരന്മാർ അണിചേർന്നൊരുക്കുന്ന മഞ്ജുളാൽത്തറ മേളം പൂർത്തീകരിച്ചശേഷമാണ് പുരസ്കാര വിതരണം നടത്തപ്പെടുന്നത്.
കഴിഞ്ഞ പതിനഞ്ചോളം വർഷമായി നൽകി പോരുന്ന പ്രസ്തുത പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കല്ലൂർ രാമൻകുട്ടി മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, ഗുരുവായൂർ ശിവരാമൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, പെരിങ്ങോട് ചന്ദ്രൻ തുടങ്ങിയ പ്രഗൽഭനിരയുമുണ്ട്.
രുക്മിണി റീജൻസിയിൽ ചേർന്ന പത്രസമ്മേളനത്തിൽ ഭാരവാഹികളായ രവിചങ്കത്ത്, കെ.ടി.ശിവരാമൻനായർ, ബാലൻ വാറണാട്ട്, അനിൽ കല്ലാറ്റ്, ശ്രീധരൻ മാമ്പുഴ, ശശി കേനാടത്ത്, മുരളി അകമ്പടി, രവീന്ദ്രൻ വട്ടരങ്ങത്ത് ,ടി.ദാക്ഷായിണി, കോമളം നേശ്യാർ ഇ.കെ.ദിവാകരൻ, കെ. കാർത്തിക എന്നിവർ പങ്കെടുത്തു.
Your writing skills are amazing! I really love it! Can you review my website https://www.gdiz.eu.org and maybe you can share tour thought about mine?