ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ കഴിഞ്ഞ പത്തു വർഷമായി നടന്നുവരുന്ന അഷ്ടദ്രവ്യഗണപതിഹോമം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കർക്കിടകമാസത്തിലെ മൂപ്പട്ടു വെള്ളിയാഴ്ച ഗജവീരന്റെ സാന്നിദ്ധ്യത്തിൽ പ്രത്യക്ഷ ഗണപതിഹോമമായി നടന്നു.
രാവിലെ 5 മണിമുതൽ ആരംഭിച്ച ചടങ്ങുകളിൽ കീഴേടം രാമൻ നമ്പൂതിരി, മേശ്ശാന്തി മുതുമന ശ്രീധരൻ നമ്പൂതിരി,മൂത്തേടം ഗോവിന്ദൻ നമ്പൂതിരി,മൂത്തേടം ആനന്ദൻ നമ്പൂതിരി,നാരായണമംഗലം നരേന്ദ്രൻ നമ്പൂതിരി,കപ്ളിങ്ങാട് സതീശൻ നമ്പൂതിരി എന്നിവർ സഹകർമ്മികളായി.ക്ഷേത്രം മതിൽക്കകത്ത് പുതുശ്ശരി വിജയൻ എന്നഗജവീരനെ സാക്ഷി നിർത്തി തന്ത്രി സതീശൻ നമ്പൂതിരിപ്പാട് ഗണപതിഹോമവും ദീപാരാധനയും നടത്തിയത്തോടെ ഭക്തജനങ്ങളുടെ കണ്ഠങ്ങളിൽനിന്നും ഉയർന്നു വന്നനമശ്ശിവായ മന്ത്രം ക്ഷേത്രപരിസരമാകെ ഭക്തിസാന്ദ്രമാക്കി.
നാളികേരവും ശർക്കരയും ഉൾപ്പെടെയുള്ള അഷ്ടദ്രവ്യഗണപതിഹവനപ്രസാദം ആനയ്ക് നൽകി. ക്ഷേത്രം പരിപാലനസമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ, സെക്രട്ടറി രാമകൃഷ്ണൻ ഇളയത്, ഉഷഅച്ച്യതൻ,താമരത്ത് , ക്ഷേത്രം മാനേജർ സുരേഷ് മനയത്ത്,അച്ചുണ്ണിപിഷാരടി എന്നിവർ നേതൃത്വം നൽകി.