ഗുരുവായൂർ: ശ്രീഗുരുവായുരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ വിശ്വരൂപം കിരീടം ഇന്ന് വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി
രാജ്കൃഷ്ണൻ ആർ പിള്ളയാണ് വിശ്വരൂപം കിരീടം ഭഗവാന് സമർപ്പിച്ചത്.
ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി. ശില്പി കെ ജനാർദ്ദനനാണ് കിരീടം നിർമ്മിച്ചത്. അവതാരം കഥയിൽ ദേവകീ വസുദേവന്മാർക്കു മുന്നിലും സ്വയംവരം കഥയിൽ മുചുകുന്ദ സമക്ഷവും ഭഗവാൻ വിശ്വരൂപം പ്രദർശിപ്പിക്കുന്നുണ്ട്. ഇതിനായി അവതാരം കഥയിൽ ചെറിയ കിരീടവും സ്വയംവരം കഥയിൽ വലിയ കിരീടവും ഉപയോഗിക്കുന്നു. കഥയിൽ കൃഷ്ണവേഷം കെട്ടിയ കലാകാരൻ നിശ്ചിത സമയത്തേക്ക് കൃഷ്ണ മുടി മാറ്റി കിരീടമണിഞ്ഞാണ് വിശ്വരൂപം പ്രദർശിപ്പിക്കുന്നത്. ധരിക്കുന്നവരുടെ പ്രായത്തിനനുസരിച്ച് ചെറിയ കിരീടവും വലിയ കിരീടവും ഉപയോഗിക്കും

കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾ വിശ്വാസപൂർവ്വം സമർപ്പിക്കുന്നതാണ് വിശ്വരൂപം വഴിപാട്. ഭഗവാൻ്റെ വേഷഭൂഷാദികളും കിരീടവും ധരിച്ച് ഭഗവത് സന്നിധിയിൽ ഭക്തൻ സ്വയം സമർപ്പണം ചെയ്യുന്നു എന്നതാണ് ഈ വഴിപാടിൻ്റെ പ്രത്യേകത.
സമർപ്പണ ചടങ്ങിൽ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കുമാർ, കലാനിലയം സൂപ്രണ്ട് ഡോ മുരളി പുറനാട്ടുകര, കൃഷ്ണനാട്ടം വേഷം ആശാൻ എസ് മാധവൻകുട്ടി, കൃഷ്ണനാട്ടം കോസ്റ്റ്യൂം ചുമതലയുള്ള ചുട്ടി കലാകാരൻ ഇ രാജു, എന്നിവർ സന്നിഹിതരായി.