കണ്ടാണശ്ശേരി: ഡോക്ടർ ബി. സി റോയിയുടെ സ്മരണക്കായി ജൂലായ് 1 നാണ് ഡോക്ടർമാരുടെ സേവനങ്ങളെ ആദരിക്കാനും അവർക്ക് നന്ദി പറയാനുമായി ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനം അചരിക്കുന്നത്.ഈ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചു വർഷക്കാലം കണ്ടാണശ്ശേരി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ച് ഇന്ന് മൂല്ലശ്ശേരി ബ്ലോക്ക് ആരോഗ്യ ക്രേന്ദ്രത്തിലേക്ക് സ്ഥലം മാറി പോകുന്ന ഡോക്ടർ സുബിക്ക് യാത്രയയപ്പും രോഗി മിത്ര പുരസ്കാരവും സമ്മാനിച്ചു. കൂനംമുച്ചി സത്സംഗ് പ്രവർത്തകരാണ് കണ്ടാണശ്ശേരി പ്രാഥമിക ആരോഗ്യ ക്രേന്ദ്രത്തിൽ ആദരസമ്മേളനം സംഘടിപ്പിച്ചത്.
ഡോക്ടർ ചിത്ര വിനോദ് ,ഡോക്ടർ നിമിത തരകൻ, കണ്ടാണശ്ശേരി ചൂണ്ടൽ പഞ്ചായത്ത് സംയുക്ത ഹെൽത്ത് ഇൻസ്പെക്ടർ മനോജ് ചന്ദ്രൻ സി.സി എന്നിവർ ചേർന്ന് ഡോക്ടർ സുബിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സത്സംഗ് ചെയർമാൻ മേജർ പി ജെ സ്റ്റൈജു രോഗീമിത്ര ഫലകം ഡോക്ടർക്ക് സമ്മാനിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിഞ്ചു ജേക്കബ് സി, പ്രേമരാജ് കെ. ആർ, അധ്യാപകനായ ഫ്രെഡി കെ ബി , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുനന്ദ കെ.പി എന്നിവർ ആശംസ പ്രസംഗം നടത്തി.
കണ്ടാണശ്ശേരി പഞ്ചായത്തിലെ അഞ്ചു വർഷക്കാലം ഒത്തിരി നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ടെന്നും, മുല്ലശ്ശേരിയിലേക്ക് സ്ഥലം മാറി പോകുന്ന ഡോക്ടേഴ്സ് ദിനത്തിൽ ഇത്തരം ഒരു ആദരം ലഭിച്ചത് വളരെ സന്തോഷകരമായി എന്നും ഡോക്ടർ സുബി മറുപടി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
സന്തോഷ സൂചകമായി സുബി ഡോക്ടർ കേക്ക് മുറിച്ച് തന്റെ സഹപ്രവർത്തകർക്ക് വിതരണം ചെയ്തു. കോവിഡ് കാലത്തെ ആത്മസമർപ്പണത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിന സന്ദേശം.ഈ ആശയം മുൻനിർത്തിയാണ് കോവിഡ് കാലത്തെ കണ്ടാണശേരി പഞ്ചായത്തിലെ ഡോക്ടർ സുബിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി അവർക്ക് രോഗീമിത്ര പുരസ്കാരം സമ്മാനിച്ചതെന്ന് സത്സംഗ് ഭാരവാഹികൾ പറഞ്ഞു.