ഗുരുവായൂർ: ഗുരുവായൂരിലെ ഗ്രാനൈറ്റ് വിരിച്ച് നവീകരിച്ച നടപ്പാതകളിൽ ആളുകൾ തെന്നി വീണ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവാകുന്നു. റോഡിൽ നിന്നു സ്ഥാപനങ്ങളിലേക്കും മറ്റും കടന്നു പോകാനായി ചെരിവ് നൽകി നിർമിച്ച മിനുസമാർന്ന ഗ്രാനൈറ്റ് പ്രതലത്തിലാണ് കാൽനടക്കാർ തെന്നി വീഴുന്നത്.
അമൃത് പദ്ധതിയുടെ ഭാഗമായി സ്റ്റീൽ ഹാന്റ് റെയിലോടു കൂടി നിർമിച്ച കിഴക്കെ നടയിലാണ് അപകടം കൂടുതലും. പ്രത്യേകിച് സ്ഥല പരിചയമില്ലാത്ത ക്ഷേത്ര ദർശനത്തിനെത്തുന്നവർ – പരാതിയുടെ അടിസ്ഥാനത്തിൽ സഗരസഭ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഗ്രാനൈറ്റ് പൊളിച്ച് മാറ്റി സിമന്റിട്ട് ഗ്രിപ്പ് നൽകിയിരുന്നു.
മഴക്കാലം ആയതോടു കൂടി തെന്നി വീഴുന്നത് കൂടിയിരിക്കുകയാണ്. മാറ്റാതെ കിടക്കുന്ന സ്ഥലങ്ങളിൽ അടിയന്തരമായി നഗരസഭ നടപടിയെടുക്കണമെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
തെന്നി വീണ് അപകടം പറ്റിയവരിൽ പലരും ആരോടും പരാതി പറയാതെ എണീറ്റ് പോകുകയാണ് പതിവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗ്രാനൈറ്റ് വിരിച്ചതിലെ അപാകതയെ സംബന്ധിച്ച് നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണനും പ്രതിപക്ഷ നേതാവ് കെ പി ഉദയനും നഗരസഭ സെക്രട്ടിക്ക് നേരത്തേ പരാതി നൽകിയിരുന്നു.