കുറഞ്ഞ നിരക്കിൽ ആധുനിക താമസസൗകര്യം; ഗുരുവായൂർ ദർശനത്തിനെത്തുന്ന തീർഥാടകർക്കായി ദേവസ്വത്തിന്റെ പുതിയ സേവനസൗകര്യം
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര ദർശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ചതും ആധുനികവുമായ താമസസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച ‘കൗസ്തുഭം’ റെസ്റ്റ് ഹൗസ് ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. ഇന്ന് രാവിലെ കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു.
ഗുരുവായൂർ ദേവസ്വം തീർഥാടകർക്കായി നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് കൗസ്തുഭം റെസ്റ്റ് ഹൗസ് സമഗ്രമായി നവീകരിച്ചത്. നവീകരണത്തിലൂടെ താമസമുറികൾ കൂടുതൽ സൗകര്യപ്രദമാക്കുകയും ആധുനിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രദർശനത്തിനായി എത്തുന്ന കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്കും കൂടുതൽ സുരക്ഷിതവും ശുചിത്വമുള്ളതുമായ താമസസൗകര്യം ഇതിലൂടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ. എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം.എൽ.എ ശ്രീ. എൻ.കെ. അക്ബർ മുഖ്യാതിഥിയായി പങ്കെടുത്തു. സെക്രട്ടറി, റവന്യു (ദേവസ്വം) & കമ്മീഷണർ, ഗുരുവായൂർ ദേവസ്വം ശ്രീ. എം.ജി. രാജമാണിക്കം, ഐ.എ.എസ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ ശ്രീമതി സുനിത അരവിന്ദൻ എന്നിവർ വിശിഷ്ട സാന്നിധ്യമായി ചടങ്ങിൽ പങ്കെടുത്തു.
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശ്രീമതി ശിഖാ സുരേന്ദ്രൻ, ഐ.എ.എസ് ദേവസ്വത്തിന്റെ വികസന പ്രവർത്തനങ്ങളും കൗസ്തുഭം റെസ്റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സമിതി അംഗവും ഗുരുവായൂർ ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട് കൗസ്തുഭം റെസ്റ്റ് ഹൗസിൽ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് ആത്മീയ പ്രൗഢി പകർന്നു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ. സി. മനോജ്, ശ്രീ. മനോജ് ബി. നായർ, ശ്രീ. കെ. എസ്. ബാലഗോപാൽ, ശ്രീമതി എം. യു. ഷിനിജ, വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.കൗസ്തുഭം റെസ്റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ നിർവഹിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധരെ ദേവസ്വം മന്ത്രി ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സമയബന്ധിതമായും ഗുണനിലവാരം ഉറപ്പാക്കിയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് സാങ്കേതിക സംഘത്തെ ചടങ്ങിൽ അഭിനന്ദിച്ചു.ചടങ്ങിൽ ദേവസ്വം
ഭരണസമിതി അംഗം ശ്രീ. മനോജ് ബി. നായർ സ്വാഗതം ആശംസിച്ചു. ശ്രീമതി എം. യു. ഷിനിജ നന്ദി രേഖപ്പെടുത്തി. നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനക്ഷമമാകുന്നതോടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ മെച്ചപ്പെട്ട താമസസൗകര്യം ലഭ്യമാകുകയും, ഗുരുവായൂർ ദേവസ്വം ഭക്തസേവന രംഗത്ത് നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പുതിയ കരുത്ത് പകരുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
