ഉത്സവ പാരമ്പര്യ സംരക്ഷണത്തിനായി വെടിക്കെട്ട് നിർമ്മാണശാല, ഫയർപാർക്ക്, ആന എഴുന്നള്ളിപ്പ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച ആവശ്യങ്ങളുമായി ഭാരവാഹികൾ മന്ത്രിയെ കണ്ടു.
തൃശ്ശൂർ: കേരളത്തിലെ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്ക്കുകൾ എന്നിവിടങ്ങളിലെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി നടക്കുന്ന ആന എഴുന്നള്ളിപ്പുകളും വെടിക്കെട്ടുകളും പരമ്പരാഗത രീതിയിൽ തുടരുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി ദേവസ്വം മന്ത്രി കെ. മുരളീധരന് നിവേദനം സമർപ്പിച്ചു.
സംസ്ഥാനത്ത് ഉത്സവങ്ങൾക്കും മതാചാരങ്ങൾക്കും ഉപയോഗിക്കുന്ന ആനകളുടെ ലഭ്യത കുറയുകയും ഏക്കത്തുക വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതി നടപടികൾ ലളിതമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇതോടൊപ്പം ദേവസ്വം ബോർഡുകളുടെ ഉടമസ്ഥതയിലുള്ള ആനകളുടെ ഏക്കത്തുക കുറച്ച് ഉത്സവ സംഘാടകർക്ക് ആശ്വാസം നൽകാൻ ദേവസ്വങ്ങൾ തയ്യാറാകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വെടിക്കെട്ട് മേഖലയിലെ സുരക്ഷയും പരമ്പരാഗത ഉത്സവങ്ങളുടെ നിലനിൽപ്പും ഉറപ്പാക്കുന്നതിനായി സർക്കാർ നിയന്ത്രണത്തിൽ വ്യവസായിക അടിസ്ഥാനത്തിൽ ഒരു ഫയർപാർക്ക് തൃശ്ശൂർ-പാലക്കാട് മേഖല കേന്ദ്രീകരിച്ച് ആരംഭിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 2017-ലെ സംസ്ഥാന ബജറ്റിൽ ഇതിനായി തുക വകയിരുത്തിയിരുന്നുവെങ്കിലും പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്ന് ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
അപകടരഹിതമായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കാനും അവ കവചിത വാഹനങ്ങളിലൂടെ സുരക്ഷിതമായി കൊണ്ടുപോയി പെസോ (PESO) നിയമപ്രകാരം സൗകര്യങ്ങളുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിന് നിയമാനുസൃതമായ അനുമതികൾ നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിക്കെട്ട് മേഖലയിലെ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉത്സവ പാരമ്പര്യം സംരക്ഷിക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ശബ്ദ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി രാത്രി 12 മണിവരെ അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകവും ഉത്സവ പാരമ്പര്യവും നിലനിർത്തുന്നതിനായി സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.
കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, വൈസ് പ്രസിഡന്റ് എ. എ. കുമാരൻ, സെക്രട്ടറി കെ. പി. ഉദയൻ എന്നിവർ മന്ത്രിയെ നേരിൽകണ്ട് നിവേദനം കൈമാറി.
