മഹാത്മാഗാന്ധി സർവകലാശാല ബി.കോം ലോജിസ്റ്റിക്സിൽ അഞ്ചാം റാങ്ക് നേടിയ ശ്രേയയെ ആദരിച്ച് കോൺഗ്രസ് കുടുംബം
ഗുരുവായൂർ: മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.കോം ലോജിസ്റ്റിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിന് അഭിമാന നിമിഷം സമ്മാനിച്ച കുമാരി എം. ശ്രേയയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ അനുമോദനവും സ്നേഹാദരവും സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെ മികവിലൂടെ നാടിന്റെ യശസ് ഉയർത്തിയ ശ്രേയയുടെ നേട്ടം പുതുതലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങുകളിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

ഗുരുവായൂർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി സ്നേഹാദരം
“മികവിന്റെ തിളക്കവുമായി തിരുവെങ്കിടം” എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രേയയ്ക്ക് ഉപഹാര സമർപ്പണവും ആദരവും നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. രജിത്ത് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ സി.എസ്. സൂരജ് മുഖ്യ അനുമോദന പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ വി.എസ്. നവനീത്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, കോൺഗ്രസ് മണ്ഡലം ട്രഷറർ എ.കെ. ഷൈമിൽ, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രജിത്ത് പാലിയത്ത്, മനീഷ് നിലമന, ആനന്ദൻ ഗുരുവായൂർ എന്നിവർ സംസാരിച്ചു.

തിരുവെങ്കിടം– കണ്ടംകുളം മേഖലാ കോൺഗ്രസ്സ് കമ്മിറ്റി സ്നേഹ വന്ദനം
തുടർന്ന് തിരുവെങ്കിടം–കണ്ടംകുളം മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹവന്ദന പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ശശി വാറണാട്ട് ഉപഹാര സമർപ്പണം നിർവഹിച്ചു. മേഖല കോ-ഓർഡിനേറ്റർ ജോയ് തോമസ് അധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട്, വിജയകുമാർ അകമ്പടി, ഹരി വടക്കൂട്ട്, പിന്റോ നീലങ്കാവിൽ, കണ്ണൻ പാലിയത്ത്, ജിഷോ പുത്തൂർ, മേഴ്സി ജോയ്, ഷൺമുഖൻ തെച്ചിയിൽ, മണി കൂടത്തിങ്കൽ, എൻ.കെ. ആന്റോ, ഹരി പെരുവഴിക്കാട്ട് എന്നിവർ ആശംസകൾ നേർന്നു.

ഗുരുവായൂർ നഗരസഭ വാർഡ് 32 കോൺഗ്രസ്സ് കമ്മിറ്റി സ്നേഹ കൂട്ടായ്മ
ഗുരുവായൂർ നഗരസഭ 32-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മറ്റൊരു അനുമോദന ചടങ്ങിൽ നഗരസഭ കൗൺസിലർ ബിന്ദു നാരായണൻ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ജെ. റെയ്മണ്ട് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിധിൻ മമ്മിയൂർ, ജോബി വെള്ളറ എന്നിവർ സംസാരിച്ചു.
ഡി.സി.സി നിർവാഹക സമിതി അംഗവും മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഒ.കെ.ആർ. മണികണ്ഠന്റെയും അർബൻ ബാങ്ക് ഉദ്യോഗസ്ഥ ബിന്ദു മണികണ്ഠന്റെയും മകളാണ് റാങ്ക് ജേതാവ് എം. ശ്രേയ. ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയ ശ്രേയ, തനിക്ക് ലഭിച്ച സ്നേഹാദരങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. മാതാപിതാക്കളും ചടങ്ങിൽ മുഖ്യ സാന്നിധ്യമായി പങ്കെടുത്തു.
വിദ്യാഭ്യാസ മികവിലൂടെ ഗുരുവായൂരിന്റെ പേര് ഉയർത്തിപ്പിടിച്ച ശ്രേയയുടെ നേട്ടം പ്രദേശത്തിന്റെ അഭിമാനമാണെന്നും, ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും നേതാക്കൾ ആശംസിച്ചു.

