അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ എ വേണുഗോപാലന്റെ സന്തത സഹചാരിയും സുഹൃത്തും, മാതൃഭൂമി ഗുരുവായൂർ ലേഖകനുമായ ജനു ഗുരുവായൂരിന്റെ വാക്കുകൾ
രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഞെട്ടലിൻ്റെ ആഘാതത്തിൽ നിന്ന് മനസ്സ് മോചിതമായിട്ടില്ല. വേണ്വോട്ടൻ്റെ മരണം എൻ്റെ മനസ്സ് അംഗീകരിയ്ക്കാത്തതിനാൽ ഒരക്ഷരം കുറിയ്ക്കാൻ ഇതുവരെ എനിക്ക് കഴിഞ്ഞില്ല. നാലു പതിറ്റാണ്ടിലേറെ പത്രപ്രവർത്തന രംഗത്ത് കൂടെ പ്രവർത്തിച്ച എൻ്റെ വിരലുകൾക്ക് അതിന് കഴിയുമായിരുന്നില്ല. മനോരമയും മാതൃഭൂമിയും ഞങ്ങൾ രണ്ടു പക്ഷത്തായിരുന്നുവെങ്കിലും ആത്മബന്ധം സ്നേഹ ബഹുമാന ബന്ധം ഞങ്ങളെ ഒന്നിപ്പിയ്ക്കുമായിരുന്നു. അവിടെയാണ് എൻ്റെ ഹൃദയഭാഗം നഷടമായത്. ഗുരുവായൂരിൻ്റെ സിരകൾ തൊട്ടറിഞ്ഞ… ഗുരുവായൂരപ്പൻ്റെ അപദാനങ്ങൾ ലക്ഷങ്ങളിലേക്ക് പകർന്ന് നൽകി ക്ഷേത്രത്തിൻ്റെ ഇന്നു കാണുന്ന വളർച്ചയ്ക്ക് പങ്കുവഹിച്ചവരിൽ വേണ്വോട്ടൻ്റ സ്ഥാനം ചെറുതല്ല. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടേയും. ഭാഗവതഭാസ്വാൻ ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയുടെയും പിന്നിൽ അവർക്ക് ഊർജ്ജം പകരാൻ പത്രലോകത്തെ കുലപതികളായിരുന്ന ഉത്തമാജി,ചൊവ്വല്ലൂർ കൃഷൻകുട്ടി എന്നിവരോടൊപ്പം മുഖ്യമായി വേണ്വോട്ടനും ഉണ്ടായിരുന്നു. ഇവരുടേയും പി.ടി മോഹനകൃഷ്ണൻ്റെയും കൂട്ടുകെട്ട് ഗുരുവായൂരിൻ്റെ ആദ്ധ്യാത്മിക രംഗത്തിന് പുത്തനുണർവ് നൽകി. ചെമ്പൈഭാഗവതർക്കും, പി ലീലയ്ക്കുമൊക്കെ ബഹുമതി നൽകിയതും, നാരായണീയം നാന്നൂറാം വാർഷികാഘോഷത്തിന് പ്രചോദനം നൽകിയതും ഇതേ കൂട്ടുകെട്ടാണ്. കെ.കരുണാകരൻ എം.പി.വീരേന്ദ്രകുമാർ, പുതൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു. പല കലാകാരൻമാരേയും കൈപിടിച്ച് ഉയർത്തിയതും ഇതേ സംഘമാണ്.
മരണത്തിലൂടെയും ഞങ്ങളെ ഞെട്ടിച്ച വേണ്വോട്ടാ …. അങ്ങയെ ഗുരുവായൂർ മറക്കില്ല…. അങ്ങയുടെ ആത്മാവിന് മുന്നിൽ ആയിരമായിരം സ്നേഹപൂക്കൾ കണ്ണീരോടെ അർപ്പിച്ചു കൊണ്ട്… നമിയ്ക്കുന്നു വേണ്വോട്ടാ..