നാടെങ്ങും ഉത്സവാന്തരീക്ഷം; ഫോർട്ട് കൊച്ചിയിൽ വൻ ജനാവലി, ലോകം ആദ്യം സ്വാഗതം ചെയ്തത് കിരിബാത്തി ദ്വീപ്
കൊച്ചി: വർണപ്പകിട്ടാർന്ന ആഘോഷങ്ങളോടെ 2026 പുതുവർഷം കേരളം ആവേശപൂർവ്വം വരവേറ്റു. നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ന്യൂയർ ആഘോഷങ്ങളുടെ ലഹരിയിൽ നാടെങ്ങും ഉത്സവാന്തരീക്ഷം നിറഞ്ഞു. പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമായി മാറിയ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ ആയിരങ്ങളാണ് പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഒരുമിച്ചത്.
സംഗീതവും ആകാശവിസ്മയങ്ങളും കലാപരിപാടികളും ചേർന്ന് പുതുവത്സര നിമിഷങ്ങളെ ഓർമ്മകളുടെ ഉത്സവമാക്കി. ലോകം കണ്ണുനട്ട് കാത്തിരിക്കെ, 2026-നെ ആദ്യം വരവേറ്റത് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപായിരുന്നു. പൊൻകിരണങ്ങളുമായി മറ്റൊരു പുതുവർഷം കൂടി ജീവിതത്തിലേക്ക് കടന്നുവരുകയാണ്. പഴയ മുറിവുകൾ ഉണക്കാനും ജീവിതത്തെക്കുറിച്ചുള്ള പുതിയ കാഴ്‌ചപ്പാടുകൾ സ്വീകരിക്കാനുമുള്ള അവസരമാണ് ഓരോ പുതുവർഷപ്പുലരിയും. ശുഭാപ്തി വിശ്വാസത്തിന്റെ പുതുചൂട് മനുഷ്യ മനസ്സുകളിലേക്ക് പകരുന്ന സമയമാണിത്.
ആത്മപരിശോധനയ്ക്കും പുതുക്കലിനും വഴിയൊരുക്കുന്ന പുതുവർഷം സ്നേഹവും സൗഹാർദ്ദവും അനുകമ്പയും മനുഷ്യഹൃദയങ്ങളിൽ കൂടുതൽ നിർമലമാക്കട്ടെ. പ്രതിസന്ധികളുടെ കൊടുങ്കാറ്റുകളെ അതിജീവിച്ച് സമാധാനത്തിന്റെ ലോകം പണിയാൻ ഓരോരുത്തർക്കും കഴിയട്ടെ എന്ന ആശംസയോടെയാണ് 2026 ആരംഭിക്കുന്നത്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ?✨


