ഗുരുവായൂർ: ഭക്തജന സേവനത്തിനായി ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ഒരു ആംബുലൻസ് വാഹനം കൂടിയെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ് സമർപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രനട ദർശനത്തിനായി തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ്. കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ വാഹന പൂജയ്ക്ക് ശേഷം നടന്ന ചടങ്ങിൽ എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കടരമണ ഭായി റെഡ്ഢി ആംബുലൻസിൻ്റെ താക്കോൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനു കൈമാറിയായിരുന്നു സമർപ്പണം.
എസ് ബി ഐയുമായി ഗുരുവായൂർ ദേവസ്വത്തിന് ദൃഢമായ ബന്ധമാണ് ഉള്ളതെന്ന് താക്കോൽ ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പറഞ്ഞു. 1973 മുതൽ ഗുരുവായൂർ ദേവസ്വവുമായി എസ് ബി ഐ സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് ചീഫ് ജനറൽ മാനേജർ വെങ്കിടരമണ ഭായി റെഡ്ഢി പറഞ്ഞു. ശ്രീ ഗുരുവായുരപ്പ സന്നിധിയിലാണ് എസ് ബി.ഐ ആദ്യമായി ഈ ഭണ്ഡാരം സ്ഥാപിച്ചതെന്നും ഭാവിയിലും ദേവസ്വവുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാനാണ് എസ് ബി ഐ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ദേവസ്വം ചെയർമാനും എസ് ബി ഐ ചീഫ് ജനറൽ മാനേജരും ചേർന്ന് പുതിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.
എസ് ബി ഐ ഉദ്യോഗസ്ഥർക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ നൽകി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, നഗരസഭ കൗൺസിലർ കെ പി ഉദയൻ ,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഏ കെ രാധാകൃഷ്ണൻ, എസ് ബി ഐ ജനറൽ മാനേജർ ടി ശിവദാസ്, ഡി ജി എം രമേഷ് വെങ്കിടേശമൂർത്തി, റീജിയണൽ മാനേജർ മനോജ് കുമാർ എം, ബ്രാഞ്ച് മാനേജർമാരായ രാജേഷ് വിജയൻ, ശ്യാംകുമാർ എ ജി എന്നിവരും ദേവസ്വം ഉദ്യോഗസ്ഥരും ദേവസ്വം ആശുപത്രി ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി. ദേവസ്വത്തിലെ മുതിർന്ന ഡ്രൈവർ കെ സതീശനാണ് കന്നിയോട്ടത്തിൽ ആംബുലൻസിൻ്റെ സാരഥിയായത്.
എസ് ബി ഐയുടെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ആംബുലൻസ് സമർപ്പണം. ശീതീകരിച്ച ആംബുലൻസിന് ഇരുപത് ലക്ഷത്തോളം രൂപ വില വരും.