ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രവുമായി സഹകരിച്ച്, ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ‘കുത്തിവര കുട്ടിവര പഠന പരിശീലന പരിപാടിക്ക് തുടക്കമായി.
കുട്ടികളിലെ സർഗശേഷി വർധിപ്പിക്കുന്നതിനൊപ്പം, അവരുടെ കലാസ്വാദനവും, സാംസ്കാരിക അവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠനകളരി സംഘടിപ്പിച്ചിട്ടുള്ളത്. പഠന കളരി, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റി ചെയർമാനും, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുമായ കെ പി വിനയൻ അധ്യക്ഷത വഹിച്ചു. ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, പഠന കളരിയെകുറിച്ച് വിശദീകരിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ് മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ഇ കെ നാരായണനുണ്ണി, ദേവസ്വം അസി. എഞ്ചി നീയർ വി ബി സാബു, പബ്ലിക്കേഷൻ അസി. മാനേജർ കെ.ജി. സുരേഷ്, ചുമർചിത്ര പഠനകേന്ദ്രം സീനിയർ ഇൻസ്ട്രക്ടർ എം നളിൻ ബാബു, വെൽഫെയർ കമ്മറ്റി സെക്രട്ടറി ഇന്ദുലാൽ, ജോ. സെക്രട്ടറി അരുൺ സി മോഹൻ എന്നിവർ സംസാരിച്ചു.
ചിത്ര കലയോടൊപ്പം ശിൽപകല, കളമെഴുത്ത്, തോൽപ്പാവക്കൂത്ത്, നാടൻപാട്ട്, കരകൗശലം, അഭിനയം, ആരോഗ്യം, ശുചിത്വം, പരി സ്ഥിതി തുടങ്ങിയ വിഷയങ്ങളെകുറിച്ച് പ്രമുഖർ ക്ലാസെടുക്കും. 29 ന് പഠന പരിശീലന കളരി സമാപിക്കും.