ഗുരുവായുരപ്പൻ്റെ ഭക്തനും ഗുരുവായൂരപ്പനെപ്പറ്റിയുള്ള ഏറ്റവുമധികം പാട്ടുകൾ എഴുതിയഭക്ത കവിയും സാഹിത്യകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസ്വതി കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ ഉണ്ണിക്കണ്ണനെപ്പറ്റി എഴുതിയതാണിത്.
” നമ്മുടെ ഗുരുവായൂരപ്പൻ ഉള്ളിൽ നിറഞ്ഞു നിന്നാലേ ഉണ്ണിക്കണ്ണനെ കുറിച്ച് എന്തെങ്കിലും എഴുതാനോ വരയ്ക്കാനോ പറ്റുകയുള്ളൂ. അദ്ദേഹം വരയ്ക്കുന്ന എല്ലാ ചിത്രങ്ങളിലും ഒരു കള്ള കുസൃതി ഉണ്ടാവും. അതിന് രസകരമായ ഒരു തലക്കെട്ടും ഉണ്ടാകും. അത് ബഹുരസമാണ്. എല്ലാവരുടെ മനസ്സിലും ഭഗവാൻ്റെ രൂപത്തിൽ വ്യത്യാസം ഉണ്ടാവാം. കുട്ടിക്കാലത്തൊക്കെ ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നാലോചിച്ചാൽ സിനിമയിലെ പ്രേം നസീർ സിനിമയ്ക്ക് വേണ്ടി ചെയ്ത വേഷമാണ് ഓർമ്മ വരിക.
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭാര്യയായി വന്നതിനു ശേഷം ഭഗവാനോടുള്ള ഭക്തിയും പ്രേമവും കൂടി. കണ്ണൻ്റെ ചിത്രം ആരു വരച്ചാലും ഏതുരൂപത്തിൽ വരച്ചാലും ഇഷ്ടമാണ്. ആദ്യമാദ്യം ഞാൻ ഇദ്ദേഹത്തിൻ്റെ ചിത്രം അത്ര ശ്രദ്ധിച്ചിരുന്നില്ല. കാണക്കാണെ ആ കണ്ണിലെ തിളക്കവും എന്നെ ഇഷ്ടമല്ലേ എന്ന കുസൃതി നിറഞ്ഞ കണ്ണൻ്റെ നോട്ടമൊക്കെ കാണുമ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോകും . ഉവ്വ് ഉവ്വ് ൻ്റെ ഉണ്ണ്യേ എന്നു പറഞ്ഞ് കുഞ്ഞിക്കവിളിലൊരുമ്മയും കൊടുക്കും.
അരമണി തരാമെന്നു പറഞ്ഞു അരിമണി തന്നു പറ്റിച്ചതും… കപടഭക്തരുടെ കള്ളക്കളിയൊക്കെ നമ്മുടെ കണ്ണന് നന്നായി മനസ്സിലാകും. ദീപാവലി ദിവസം വിളക്കു കെടാതിരിക്കുവാൻ വിശറിയെ കെട്ടിവയ്ക്കുന്നതും , ഉരല് മൂടിവയ്ക്കുന്നതും വാകപ്പൊടിയുടെ ചൊറിച്ചിൽ മാറ്റാൻ വെണ്ണ തേയ്ക്കണം എന്നു പറയുന്നതും ഒക്കെ നന്നായിട്ടുണ്ട്.
ഇനിയും ധാരാളം ചിത്രങ്ങൾ വരച്ച് ഭക്തമനസ്സിൽ കുടിയിരിയ്ക്യാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.”