ശ്രീലകത്തിന്നുണ്ണിക്കണ്ണൻ വലം-
തൃക്കൈയിൽ വെണ്ണയുമായി
നില്ക്കുന്ന മോഹനരൂപം കാണാ-
മിന്നതാ ചന്ദനച്ചാർത്തിൽ
ഓടക്കുഴലുണ്ടിടംകൈതന്നിൽ
തോളോടു ചായ്ച്ചു കാണുന്നൂ
പൊന്മകുടം , മലർമാല, കാണ്മൂ
കണ്ണൻ്റെ മൗലിയിലിന്നും
നെറ്റിമേൽ കാതിലുമാഹാ പൊന്നിൻ-
ഗോപികൾ മിന്നുന്നു ഭംഗ്യാ
സ്വർണ്ണമാല്യം വനമാല മാറിൽ,
കങ്കണം , തോൾവള കൈയിൽ
കുമ്പയോടൊട്ടുന്ന കാഞ്ചി, അതിൽ
തൂങ്ങുന്ന പൊന്നിൻപതക്കം
കോണകവും പൊൻതളയും കാണാം
കണ്ണന്നു ഭൂഷകളായി
തൃക്കടാക്ഷാമൃതം തൂകീ, ചുണ്ടിൽ
പുഞ്ചിരിത്തേനങ്ങൊഴുക്കി
വാതാലയത്തിൽ വിളങ്ങുംകണ്ണ-
നുണ്ണിയെക്കൈവണങ്ങീടാം
ഉച്ചത്തിൽ നാമം ജപിക്കാമിന്നാ
തൃച്ചരണങ്ങളിൽ വീഴാം
നാരായണാ! ഹരി! കൃഷ്ണാ!പരി-
പാഹിമാം വാതാലയേശാ!
( വൃത്തം: താരാട്ട്)