ഗുരുവായൂർ: ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണം ജനത്തെ ദുരിതത്തിലാക്കിയെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ആരോപിച്ചു. പ്രദേശവാസികള്‍ക്കും തീര്‍ഥാടകര്‍ക്കും വ്യാപാരികള്‍ക്കും ലോഡ്ജുടമകള്‍ക്കും ഈ പരിഷ്‌കാരം ദുരിതമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ബദല്‍ മാര്‍ഗവും സമ്മേളനം നിര്‍ദേശിച്ചു.
ടൗണ്‍ഹാളിന് കിഴക്ക്വശത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഒരുക്കാനാവും. പെട്രോള്‍ പമ്പിന് തെക്ക് ഭാഗത്തു കൂടി ടൗണ്‍ഹാളിന് വടക്ക് വശം ചേര്‍ന്ന് ഇവിടേക്ക് റോഡ് ഒരുക്കാം. നിലവിലെ കിഴക്കെനടയിലെ ടൂറിസ്റ്റ് ബസ് പാര്‍ക്ക് താത്ക്കാലിക ബസ് സ്റ്റാന്‍ഡാക്കി മാറ്റുവാനും കഴിയുമെന്ന് നിര്‍ദേശിച്ചു. മേല്‍പ്പാല പരിസരത്ത് പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ ആ മേഖലയിലെ വ്യാപാരികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ചൂണ്ടിക്കാട്ടി. മേല്‍പാലത്തിനു കീഴില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും നിര്‍ദേശിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.എന്‍. മുരളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ തിരുനെല്ലൂര്‍, ജി.കെ. പ്രകാശന്‍, ആര്‍. ജയകുമാര്‍, ജോഫി ചൊവ്വന്നൂര്‍, സി.ഡി. ജോണ്‍സണ്‍, ടെസ്സി ഷൈജോ എന്നിവര്‍ സംസാരിച്ചു.