നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ബീഹാറിലെ നീറ്റ് പേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും ഉദ്യോഗാർത്ഥികളുടെ ഭാവിയെ സർക്കാർ തകർക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
“വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എല്ലാവർക്കും ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സുതാര്യതയിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. നീറ്റ് പരീക്ഷയെക്കുറിച്ച് ബീഹാർ സർക്കാരിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു.
പട്‌ന പോലീസ് വിഷയം അന്വേഷിച്ച് വരികയാണ്. അവർ ഉടൻ തന്നെ ഇന്ത്യാ ഗവൺമെൻ്റിന് വിശദമായ റിപ്പോർട്ട് അയയ്ക്കും. പിഴവ് സംഭവിച്ചത് ഒരു പ്രത്യേക മേഖലയിൽ മാത്രമായി പരിമിതപ്പെട്ടിട്ടുണ്ട്.” മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാൻ പറഞ്ഞു.