സംവിധായകൻ ജയ് കെ., മുൻചിത്രം: ഹൊറർ ത്രില്ലറിൽ വേറിട്ട കാഴ്ചയൊരുക്കിയ എസ്ര. നായകന്മാർ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്. ചോക്ലേറ്റ് നായകനും, കോമഡി താരവുമായി ആരംഭിച്ച കരിയറിനെ എപ്പോഴോ ബ്രേക്ക് ഇട്ടു നിർത്തി ജീവിത യാഥാർഥ്യങ്ങളുടെ ലോകത്തെ പച്ചയായ മനുഷ്യരുടെ കഥകൾ പറയുന്ന സിനിമകളുടെ പ്രധാന മുഖങ്ങൾ. മൂന്നുപേരും ഒന്നിച്ചിറങ്ങാൻ തീരുമാനിച്ചാൽ, ഏകദേശ കണക്കു പ്രകാരം പരീക്ഷണവും നിരീക്ഷണവും ഒപ്പിച്ച വമ്പൻ പ്രൊജക്റ്റ് എന്തെങ്കിലും ആകാനല്ലേ സാധ്യത എന്ന് ചിന്തിച്ചാൽ തെറ്റുപറയാനില്ല. എന്നാൽ, ഇവർ അരയും തലയും മുറുക്കിക്കെട്ടി ഇറങ്ങിയത് മുഖ്യധാരാ മലയാള സിനിമയ്ക്ക് കുറച്ചു കാലങ്ങളായി അത്ര പഥ്യമല്ലാത്ത കോമഡി എന്റർറ്റെയ്നറിലേക്കും.
ചാണകക്കുഴിയിൽ കാലുതെന്നി വീണതും, നാട്ടിൽ വേറാരും ചിരിച്ചില്ലെങ്കിലും നായിക മാത്രം ചിരിക്കുന്ന തമാശയും, സ്ലാപ്സ്റ്റിക്കും ഔട്ട് ഓഫ് ഫാഷൻ ആയ കാലത്ത് ചിരിപ്പിക്കൽ അഥവാ എന്റർടെയ്നിങ് കോമഡി എളുപ്പം നടക്കുന്ന കാര്യമല്ല. പേരിൽ ഒരു കുട്ടിത്തം നിഴലിക്കുന്ന ഗർർർ… ആ കാഴ്ചപ്പാടിൽ നോക്കിയാൽ ഒരു പരീക്ഷണമാണ്. ഹെയർപിൻ വളവുകളിലൂടെ കരിയർ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെ, ഈ വള്ളത്തിൽ കയറാൻ രണ്ടു നായകന്മാരും സമ്മതമറിയിച്ചത് എന്തെങ്കിലും കാണാതെയാവില്ല എന്ന് പ്രതീക്ഷിക്കാം.
ഏറെ നാളുകൾക്ക് ശേഷം ഈ സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം പേരിൽ ജാതിവാലുണ്ട്, അതിനി ജാതിയുടെ അളവുകോൽ വച്ച് നോക്കുമ്പോൾ മുന്നോക്ക സമുദായമായാലും പിന്നാക്ക സമുദായമായാലും രണ്ടുവിഭാഗത്തെയും വെറുതേ വിടാൻ ഭാവമില്ല തിരക്കഥാകൃത്തിന്. കാണുന്നവർക്കും കേൾക്കുന്നവർക്കും ജാതിവാൽ അരോചകമായി തോന്നിത്തുടങ്ങിയാലും അതൊരു അലങ്കാരമായി കണക്കാക്കുന്നവർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ എന്നുവേണമെങ്കിൽ വിളിക്കാം. മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് പ്രണയനൈരാശ്യം മൂത്ത് ചാടുന്ന റെജിമോൻ നാടാർക്ക് (കുഞ്ചാക്കോ ബോബൻ) പിന്നിൽ കാര്യമായി ദുരഭിമാനം മനസ്സിൽ കൊണ്ടുനടക്കുന്ന കാമുകിയുടെ ഉന്നതകുല ജാതനായ അച്ഛന്റെ കരാളഹസ്തങ്ങൾ പ്രവചിച്ചോളൂ.
റെജിമോൻ ചാടുമ്പോൾ അയാളെ രക്ഷപെടുത്തേണ്ട ഉത്തരവാദിത്തം മൃഗശാലാ ഉദ്യോഗസ്ഥനായ സുരാജ് വെഞ്ഞാറമൂട് കഥാപാത്രമായ ഹരിദാസിനാണ്. തുറന്ന കൂട്ടിലെ ഒരു സിംഹവും, അതിനു മുന്നിൽ പെട്ട് വിഷമവൃത്തത്തിലായ രണ്ടു മനുഷ്യരുടെയും കഥയ്ക്കിടെ, അവരുടെ വ്യക്തി ജീവിതങ്ങളും, ഇതിനിടയിൽ പെട്ടുപോയ ഉദ്യോഗസ്ഥരും ചേർന്ന് സിനിമയുടെ എന്റർടൈൻമെൻറ്, എൻഗേജ്മെന്റ് വാല്യൂ ഉയർത്തുന്നു.
റെജിമോന്റെ പ്രണയം, അയാളുടെ കുടുംബം, ഹരിദാസിന്റെ ഫ്ലാഷ്ബാക്ക്, അയാളുടെ വിവാഹജീവിതം, മനുഷ്യനും മൃഗവും തമ്മിലെ വടംവലിയിൽ ഇരുകൂട്ടർക്കും അപകടമില്ലാതെ പുറത്തെത്തിക്കാൻ പാടുപെടുന്ന ഉദ്യോഗസ്ഥ വൃന്ദം, സിംഹക്കൂട്ടിലെ പ്രതിസന്ധി അണമുറിയാ കാഴ്ചയായി പൊതുജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമപ്രതിനിധികൾ എന്നിവർ കൂടെ ചേരുമ്പോൾ സിനിമയുടെ ത്രില്ലിംഗ് ഫാക്ടർ മികച്ചതായി മാറുന്നു.
ഒരുപാടുനാളുകൾക്ക് ശേഷം മോഹന വാഗ്ദാനങ്ങൾ വിളിച്ചുപറയാതെ എത്തിയ ഒരു ചിത്രത്തിൽ ചാക്കോച്ചനെയും സുരാജിനെയും കാണുന്ന സന്തോഷം പ്രേക്ഷകർക്കും ലഭിക്കും. മിന്നിമറിയുന്ന കഥാപാത്രങ്ങൾക്ക് വരെ സ്ക്രപ്റ്റിൽ അവരുടേതായ ഇടമുണ്ട്. കണ്ടാൽ ലളിതം എന്ന് തോന്നുമെങ്കിലും, ഈ ന്യൂ ജനറേഷൻ യുഗത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഫോർമാറ്റിൽ ഒരു സിനിമയെടുക്കുക അത്രയെളുപ്പം പണിയല്ല എന്നോർക്കണം.
വർഷങ്ങൾക്ക് മുൻപേ വെക്കേഷൻകാല ചിത്രങ്ങൾ മലയാളത്തിൽ ട്രെൻഡ് ആയിരുന്നയിടത്ത് സ്കൂൾ തുറന്ന ശേഷം ഇത്തരമൊരു ചിത്രം ഇറങ്ങുമ്പോൾ, കുട്ടികളായ ഓഡിയന്സിന് അതൊരു നഷ്ടമാകും. ഒരു സമ്പൂർണ കുടുംബ ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്കാണ് ഗർർർ…ന്റെ വരവ്.