എറണാകുളം: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തം അങ്ങേയറ്റം വേദനാജനകമാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കുവൈത്തിൽ ആവശ്യമായ രക്ഷാപ്രവർത്തതനങ്ങൾ ഏകോപിപ്പിക്കാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുമുള്ള നടപടികൾ സ്വീകരിച്ച കേന്ദ്രസർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. വേദനാജനകമായ സാഹചര്യത്തിൽ രാഷ്‌ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുന്നത് നല്ലതല്ലെന്നും രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും വി മുരളീധരൻ വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുവൈത്തിലെ ലേബർ ക്യാമ്പിൽ 23 മലയാളികൾ ഉൾപ്പെടെ 50 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം
അങ്ങേയറ്റം വേദനാജനകമാണ്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മുഴുവൻ ആളുകളുടെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.
ഈ വിവരം അറിഞ്ഞ ഉടൻ തന്നെ കേന്ദ്രസർക്കാർ ഉന്നതതല യോഗം വിളിച്ചു ചേർത്തു. കുവൈത്തിൽ ആവശ്യമായ രക്ഷാപ്രവർത്തതനങ്ങൾ ഏകോപിപ്പിക്കാനും ഇവരുടെ എല്ലാം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും വേണ്ടിയുള്ള നടപടികളും സ്വീകരിച്ചു. അതിന് നേരിട്ട് നേതൃത്വം നൽകുന്നതിനായാണ് പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈത്തിൽ എത്തിയത്.
അദ്ദേഹം കുവൈത്തിലെ എല്ലാ ആശുപത്രികളിലും എത്തി പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും അവിടത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയ അപകടമാണിത്. അങ്ങനെയൊരു സാഹചര്യത്തിൽ അനാവശ്യമായ രാഷ്‌ട്രീയ വിവാദങ്ങളുണ്ടാക്കാൻ ചില ആളുകൾ നടത്തുന്ന ശ്രമം വേദനാജനകമാണ്. രാഷ്‌ട്രീയ വിവാദങ്ങൾ ഉണ്ടാക്കുകയല്ല വേണ്ടത്. രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് ചെയ്യേണ്ടത്.’- വി മുരളീധരൻ പറഞ്ഞു.