ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ധ്വജ സ്തംഭ പ്രതിഷ്ഠിയ്ക്കായുള്ള തേക്ക് മരം നീണ്ട കാലം നിന്ന കരകൗശലതച്ചു പ്രവർത്തികൾ പൂർത്തീകരിച്ച് കമനീയ ധ്വജരൂപമാക്കി തൈലാഭിഷേകത്തിനായി സ്വരൂപിച്ച പാത്തിയിലേക്ക് മാറ്റി.
പത്തനംതിട്ട ആറന്മുള ക്ഷേത്രപരിസരത്ത് നിന്ന് കൊണ്ട് വന്ന തേക്ക് മരം പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളോടെ മുഖ്യതച്ചൻ കാളത്തോടു് സുരേഷും സഹ ആചാരികളും, ക്ഷേത്രസമിതി ഭാരവാഹികളും, ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നവരും ഒത്തു ചേർന്നാണ് പ്രത്യേകം രൂപകല്പന ചെയ്ത് തീർത്ത പാത്തിയിലേക്ക് മാറ്റിയത്.
ഏപ്രിൽ 5 ന് ബുധനാഴ്ച കാലത്ത് 9നും 10 നും ഇടയിലുള്ള ശുഭ മുഹുർത്തത്തിൽ പ്രസ്തുത പാത്തിയിൽ പ്രത്യേക നിബന്ധനകളാലും, നിർദ്ദേശങ്ങളാലും തയ്യാറാക്കിയ ഫല സിദ്ധമായ ഔഷധ കൂട്ടുകളാൽ ” തൈലാധി വാസം” ഭക്തി പുരസ്സരം നിർവഹിയ്ക്കുന്നതാണു് – ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്തത്തിൽ കലശപൂജകളും, അനുബന്ധ ചടങ്ങുകളും നടത്തി ഔഷധ കൂട്ടുകളോടെയുള്ള എണ്ണയുടെ സമർപ്പണത്തിന് ശബരി ഗ്രൂപ്പ് ചെന്നൈ ചെയർമാൻ ശശികുമാർ ആദ്യ തുടക്കം നിർവഹിയ്ക്കുന്നതുമാണ്. ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും, ക്ഷേത്രസമിതി ഭാരവാഹികളും പരിസര ക്ഷേത്രങ്ങളിലെ സാരഥികളും, ഭക്തജനങ്ങളും, എണ്ണ വഴിപാടിയി നേർന്നവരുമായിട്ടുള്ളവരും തുടർന്ന് ക്രമമായി തേക്കു മരപാത്തിയിൽ എണ്ണ ഭക്ത്യാധരപൂർവം ഒഴിയ്ക്കുന്നതും ധ്വജ സ്തംഭം പൂർണ്ണമായി തൈലാധിവാസത്തിൽ നിറ സമൃദ്ധമാക്കുകയും ചെയ്യും. ഇതിന് ശേഷം ആറു മാസ കാലത്തിലധികം എണ്ണ തോണിയിൽ ഇട്ടു് ഫലപുഷ്ടമാക്കി ഉറപ്പും, സിദ്ധിയും പ്രാപ്തിയാക്കിയതിന് ശേഷമാണ് ശ്രേഷ്ഠ മഹനീയചടങ്ങുകളോടെ ധ്വജ സ്തംഭ പ്രതിഷ്ഠ സമർപ്പണം ക്ഷേത്രത്തിൽ നടത്തപ്പെടുക.
ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, ഹരി കൂടത്തിങ്കൽ, ശിവൻകണി ച്ചാടത്ത്, ജോതിദാസ് ഗുരുവായൂർ, രാജു കലാനിലയം, വിജയകുമാർ അകമ്പടി, പി.രാഘവൻ നായർ, ബാലൻ കോമരം, വി ഹരിദാസ്. ബാലൻ തിരുവെങ്കിടം എന്നിവർ നേതൃത്വം നൽകി.