ഏദൻ കടലിടുക്കിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ നാവികന് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സൈന്യം. ഹൂമി വിമതർ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകൾ കാർഗോ കാരിയറിൽ ഇടിച്ചതിനെ തുടർന്നാണ് നാവികന് പരിക്കേറ്റത്. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ചെങ്കടലിലും ഏദൻ ഉൾക്കടലിലുമുള്ള കപ്പലുകൾ ലക്ഷ്യമിട്ട് ഹൂതി വിമതർ ആക്രമണം നടത്തുന്നത്.
ഇതുവഴിയുള്ള കപ്പൽ ഗതാഗതത്തെ ഈ ആക്രമണം സാരമായി ബാധിച്ചിരുന്നുവെങ്കിലും, അപകടങ്ങൾ വളരെ അപൂർവ്വമായി മാത്രമാണ് സംഭവിച്ചിട്ടുള്ളത്. യുക്രെയ്ൻ ഉടമസ്ഥതയിലുള്ള എംവി വെർബെന എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന് സാരമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. കപ്പലിൽ തീപിടിത്തമുണ്ടായെന്നും ഇത് അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാവികനെ ഉടൻ തന്നെ മറ്റൊരു കപ്പലിലേക്ക് മാറ്റി. ഇദ്ദേഹത്തിന് ആവശ്യമായ വൈദ്യ പരിശോധന നടത്തിയെന്നും തുടർചികിത്സ നൽകുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹൂതികളുടെ അശ്രദ്ധമായ നീക്കം പ്രാദേശിക സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും, ചെങ്കടലിലും ഏദൻ ഉൾക്കടലിലുമുള്ള നാവികരുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും ഇവർ ആരോപിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ വെർബന ഉൾപ്പെടെ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി വിമതർ അവകാശപ്പെട്ടു. അമേരിക്കൻ ബ്രിട്ടീഷ് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം വരും ദിവസങ്ങളിലും തുടരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.