ചൊവ്വയിൽ പുതുതായി കണ്ടെത്തിയ ഗർത്തങ്ങൾക്ക് ഇന്ത്യൻ നഗരങ്ങളുടെയും ഭൗതിക ശാസ്ത്രജ്ഞനായ ദേവന്ദ്രേ ലാലിന്റെ പേരും നൽകി. ഉത്തർപ്രദേശിലെ മുർസാൻ, ബിഹാറിലെ ഹിൽസ എന്നീ നഗരങ്ങളുടെയും പേരാണ് ഗർത്തങ്ങൾക്ക് നൽകിയത്.
2021-ൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞരാണ് ചൊവ്വയിൽ മൂന്ന് ഗർത്തങ്ങൾ കണ്ടെത്തിയത്. ഗർത്തങ്ങൾക്ക് മുൻ പിആർഎൽ ഡയറക്ടറുടെയും രണ്ട് ഇന്ത്യൻ നഗരങ്ങളുടെയും പേരിടാൻ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര യൂണിയനാണ് (IAU) അംഗീകാരം നൽകിയത്. ലാൽ ഗർത്തം, മുർസാൻ ഗർത്തം, ഹിൽസ ഗർത്തം എന്നിങ്ങനെയാണ് ഇവ ഇനി അറിയപ്പെടുക.
65 കിലോമീറ്റർ വീതിയുള്ള ലാൽ ഗർത്തമാണ് ഗർത്തങ്ങളിൽ വലുപ്പമേറിയത്. ലാൽ ക്രേറ്റർ എന്ന ഇതിന്റെ കിഴക്കൻ ഭാഗത്ത് പത്ത് കിലോമീറ്റർ വീതിയുള്ള ചെറിയ ഗർത്തത്തിന് മുർസാൻ ഗർത്തമെന്നും ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ ഗർത്തമാണ് ഹിൽസ.
താർസിസ് എന്ന അഗ്നിപർവത മേഖലയിലാണ് ഈ മൂന്ന് ഗർത്തങ്ങളും സ്ഥിതി ചെയ്യുന്നതെന്ന പിആർഎൽ വ്യക്തമാക്കി. ചൊവ്വയുടെ പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഭൂമധ്യരേഖയ്‌ക്ക് സമീപം കേന്ദ്രീകരിച്ചിരിക്കുന്ന അഗ്നിപർവ്വത പീഠഭൂമിയാണ് താർസിസ്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളുള്ള പ്രദേശമാണിത്. ലാവയ്‌ക്ക് പുറമേ ലാൽ ഗർത്തത്തിൽ മറ്റ് ഭൗമ വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വയുടെ ഉപരിതലം ഒരുകാലത്ത് തണുത്ത് നനഞ്ഞിരിന്നുവെന്ന നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ എത്തിക്കുംവിധത്തിലുള്ള അനുമാനങ്ങളാണ് ഈ ഗർത്തങ്ങൾ നൽകുന്നത്. ലാൽ ഗർത്തിലേക്ക് വെള്ളമൊഴികിരുന്ന ചാലും അവശിഷ്ടങ്ങൾ നീങ്ങിയതിന് തെളിവും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വയിലെ ജലസാന്നിധ്യം കണ്ടെത്താനായി നാസ സജ്ജമാക്കിയ റഡാറായ ശാരദ് ( SHARAD) ആണ് കണ്ടെത്തലിന് പിന്നിൽ. ചൊവ്വയിലെ മംഗളാ ഗർത്തം കേന്ദ്രീകരിച്ചാണ് റഡാർ പ്രവർത്തിക്കുന്നത്.