ന്യൂഡൽഹി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുെട പ്രത്യേക വിമാനം കുവൈത്തിൽ നിന്നും പുറപ്പെട്ടു. രാവിലെ എട്ടരയോടെ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വ്യോമസേന വിമാനത്തിലുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് 23 മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. ശേഷം പ്രത്യേക ആംബുലൻസിൽ വീടുകളിൽ എത്തിക്കും.
മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ പിന്നീട് ഡൽഹിയിലേക്ക് കൊണ്ടു പോകും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ, പഞ്ചാബ്, കർണാടക, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ,ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്നാണ് അഗ്നിശമന സേനയുടെ റിപ്പോർട്ട്. സെക്യൂരിറ്റി കാബിനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലാണ്. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനുമാണ് റിമാൻഡിലായിരിക്കുന്നത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.