ന്യൂഡൽഹി: വ്യോമസേനയുടെ അഗ്നിവീറിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷ- സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂലൈ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. 28-ന് രാത്രി 11 മണിയ്‌ക്ക് രജിസ്ട്രേഷൻ അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു.
ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. 2004 ജൂലൈ മൂന്നിനും 2008 ജനുവരി എട്ടിനും ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അഗ്നിപഥ് സ്കീമിന് കീഴിൽ അഗ്നിവീറായി റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല വ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
സെലക്ഷൻ നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിക്കുകയാണെങ്കിൽ എൻറോൾമെന്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 21 വയസായിരിക്കും. വിദ്യാഭ്യാസ യോഗ്യത- സയൻസ് പഠിച്ചവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടി വിജയിക്കണം. വിശദമായ വിവരങ്ങൾ https://Agnipathvayu.cdac.in, https://careerindianairforce.cdac.in- എന്ന സൈറ്റിൽ ലഭ്യമാണ്.