ഷെയിൻ നിഗം ചിത്രം ലിറ്റിൽ ഹാർട്‌സിന് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു. സ്വവർഗ പ്രണയം സിനിമയുടെ പ്രധാന പ്രമേയങ്ങളിൽ ഒന്നാകുന്നതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിന് കാരണം. സ്വവർഗ പ്രണയം പറയാൻ ക്രൈസ്തവ കുടുംബങ്ങളെ ചിത്രീകരിക്കുന്നതിനെതിരെ കെസിബിസിയും രംഗത്ത് വന്നിരുന്നു. മതത്തിന്റെ പേരിൽ സിനിമയെ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചത് ശരിയല്ലെന്ന് പറയുകയാണ് നടി മാല പാർവതി. മനുഷ്യരെ അടച്ചുപൂട്ടി വെക്കുകയാണ് മതങ്ങളെന്നും ജിസിസി രാജ്യങ്ങളുടെ നിയമത്തെ വിമർശിച്ച് നടി പറഞ്ഞു.
“ഇതിനകത്ത് അങ്ങനെ ഒരു മനുഷ്യരുടെ കഥയാണ് പറയുന്നത്. ഇതിൽ മതങ്ങൾ വന്ന് അതിർവരമ്പുകൾ ഉണ്ടാക്കുന്നത് ഭയങ്കര പ്രശ്നമാണ്. മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. അതെല്ലാം മനുഷ്യർക്കും കാണാം, അതിനൊരു മതങ്ങളും തടസ്സമല്ല. ജിസിസി രാജ്യങ്ങളിലെ നിയമങ്ങളെ പറ്റിയുള്ള പരിജ്ഞാനമൊന്നും എനിക്കില്ല. എന്നാൽ സിനിമ കാണാതെ ഇത് എന്റെ മതത്തിന് ചേരുന്നതല്ല എന്ന് പറയുന്നതിൽ എനിക്ക് യോജിപ്പില്ല. കാണിക്കാതെ അടച്ചു വയ്‌ക്കുകയല്ല വേണ്ടത്”.
“ചിലർ പറയും കുട്ടികൾ അടക്കവും ഒതുക്കവും ഉള്ളവരാണെന്ന്. എന്നാൽ കുട്ടികൾ നല്ലതാണോ ചീത്തയാണോ എന്ന് ഇവർക്ക് എങ്ങനെ അറിയാം. ഒന്നും അറിയാതെ വളർത്തിയാൽ അത് സദാചാരമല്ല. എത്രയോ ആൾക്കാർക്ക് വീട്ടിൽ ഒരു മുഖവും പുറത്ത് മറ്റൊരു മുഖവും ഉണ്ട്. അച്ഛന്റെയും അമ്മയുടെയും വിചാരം നല്ല കുട്ടിയാണെന്നാണ്. പക്ഷേ അവർക്ക് വേറെ ഒരു മുഖമുണ്ട്”-മാലാ പാർവതി പറഞ്ഞു.