ന്യൂഡൽഹി : ഉത്തർപ്രദേശിൽ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി സ്ലീപ്പർ സെല്ലുകളുണ്ടാക്കുകയും ഭീകരാക്രമണത്തിനായി സ്ഫോടക വസ്തുക്കൾ നിർമിക്കുകയും ചെയ്ത ഏഴ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പ്രതികൾ പാവപ്പെട്ട യുവാക്കളെ തെരഞ്ഞെടുക്കുകയും അവരെ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ഓരോ ജില്ലയിലും 50 സ്ലീപ്പർ സെല്ലുകൾ ഉണ്ടാക്കാൻ പ്രതികൾ ഗൂഡാലോചന നടത്തിയിരുന്നതായി എൻഐഎ കണ്ടെത്തി. സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ആക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ ഇവർ ശ്രമിച്ചിരുന്നതായും എൻഐഎ അറിയിച്ചു.
കർണാടകയിലെ ബെല്ലാരിയിൽ പ്രതികൾ ഭീകരാക്രമണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ, ആയുധങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു. കേസിൽ ഐഎസ് ഭീകര സംഘത്തിന്റെ തലവനായ മിനാജ്, കർണാടക സ്വദേശികളായ മുഹമ്മദ് മുനീറുദ്ദീൻ, സയ്യിദ് സമീർ, എംഡി മുസമ്മിൽ, മഹാരാഷ്‌ട്ര സ്വദേശി അനസ് ഇക്ബാൽ ഷെയ്ഖ്, ഝാർഖഡ് സ്വദേശികളായ സുൽഫിക്കർ, ഷയാൻ റഹ്മാൻ എന്നിവരാണ് പ്രതികൾ. അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഐഎ അറിയിച്ചു.