ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി കോട്ടയം കുറിച്ചിത്താനം സ്വദേശി, തോട്ടം മനയ്ക്കൽ ഡോ. ശിവകരൻ നമ്പൂതിരി ചുമതലയേറ്റു. വെള്ളിയാഴ്ച രാത്രി അത്താഴ പൂജക്ക് ശേഷം, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയിൽ നിന്നും അടയാള ചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങിയാണ് അദ്ദേഹം ചുമതലയേറ്റത്.
ഏപ്രിൽ ഒന്നു മുതൽ ആറു മാസമാണ് മേൽശാന്തിയുടെ കാലാവധി. പല തവണ മേൽശാന്തി തിരഞ്ഞെടുപ്പിനായി അപേക്ഷ നൽകിയിരുന്നെങ്കിലും, ആദ്യമായാണ് ഇദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
കൽപ്പുഴ ദിവാകരൻ നമ്പൂതിരിയിൽ നിന്നു പൂജാവിധികളും, അച്ഛൻ പരേതനായ തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നു വേദ പഠനവും പൂർത്തിയാക്കിയ ശിവകരൻ നമ്പൂതിരി, പ്രമുഖ ആയുർവ്വേദ ഡോക്ടർ കൂടിയാണ്. കോട്ടയം കുറിച്ചിത്താനം മഠത്തിൽ മനയ്ക്കൽ ഡോ. മഞ്ജരിയാണ് ഭാര്യ. മക്കൾ ഡോ. നന്ദിത (കർണാടക), ഡോ. നിവേദിത.