കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഭാരതീയരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആംരഭിച്ചു. വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് കൊണ്ടുവരുന്നത്. വൈകിട്ട് അഞ്ചരയോടെ വിമാനങ്ങൾ പുറപ്പെട്ടു.
വിമാനത്താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് നോർക്ക റൂട്ട്സ് ആംബുലൻസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.
അതേസമയം, അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരിച്ച 24 മലയാളികളിൽ 22 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അതിനിടെ അപകടത്തിൽപെട്ടവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപയും കുടുംബാംഗങ്ങൾക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചു. കുവൈത്ത് അമീറും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.