ന്യൂഡൽഹി : കുവൈത്തിലെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എൻബിടിസി മാനേജ്‌മെന്റ്. അടിയന്തരമായി എട്ടുലക്ഷം രൂപനൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. തീപിടത്തത്തിൽ മരിച്ചവർ ജോലി ചെയ്തിരുന്നത് എൻബിടിസി ഗ്രൂപ്പിലാണ്. കമ്പനിയുടെ ലേബർ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്.
”മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം എൻടിബിസി മാനേജ്‌മെന്റ് എന്നുമുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റു ആനുകൂല്യങ്ങൾ, ആശ്രിതർക്ക് ജോലി എന്നിവ കമ്പനി ഉത്തരവാദിത്തത്തോടെ നിർവഹിക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യയും കുവൈത്തുമായി ചേർന്ന് ശ്രമങ്ങൾ തുടരുകയാണ്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും” കമ്പനി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ഇന്നലെയുണ്ടായ തീപിടിത്തത്തിൽ 24 മലയാളികളുൾപ്പെടെ 49 പേരാണ് മരിച്ചത്. 3 ഫിലിപ്പൈൻസ് പൗരന്മാരും മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിർദേശം ലഭിച്ചാൽ വ്യോമസേനയുടെ സി 130 ജെ വിമാനം ഉടൻ തന്നെ കുവൈത്തിലേക്ക് പുറപ്പെടും. വിമാനം സജ്ജമാണെന്ന കാര്യം പ്രതിരോധ മന്ത്രാലയം അറിയിച്ചു.