മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, അഭിനയം, സംഗീതം എല്ലാം കൊണ്ടും ഇന്നും അത്ഭുതപ്പെടുത്തുന്ന ചിത്രം. നിരവധി ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, മലയാളത്തിലെ പോലെ ഒരു ഭാഷയിലും അത്രത്തോളം സിനിമ ഗംഭീരമായിട്ടില്ല. മണിച്ചിത്രത്താഴ് തമിഴ് റീമേക്കായ ‘ചന്ദ്രമുഖി’ പുതിയ കാലത്ത് ട്രോളുകൾക്കും ഇരയാവുന്നു. ഇപ്പോൾ റീ റിലീസിന് ഒരുങ്ങുകയാണ് മണിച്ചിത്രത്താഴ്. ഈ അവസരത്തിൽ മണിച്ചിത്രത്താഴിനെ പറ്റിയും അതിന്റെ റീമേക്കുകളെ പറ്റിയും മനസ്സ് തുറക്കുകയാണ് നിർമ്മാതാവായ സ്വർഗചിത്ര അപ്പച്ചൻ.
“ശോഭന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിയാണ്. അഭിനയത്തിന് വേണ്ടി ശോഭന ജീവിതം ഒഴിഞ്ഞു വച്ചിരിക്കുകയാണ്. നൃത്തത്തോട് കൂടിയുള്ള ക്ലൈമാക്സ് ആയിരുന്നു മണിച്ചിത്രത്താഴിലേത്. ആ കഥാപാത്രം വേറെ ആര് ചെയ്താലും അത്രത്തോളം വരില്ല. മാത്രമല്ല ഈ കഥയ്‌ക്കൊരു മർമ്മമുണ്ട്. അത് തമിഴിൽ വന്നില്ല. രജനീകാന്തിനെ നായകനാക്കിയാണ് പി വാസു തമിഴിലേക്ക് മണിച്ചിത്രത്താഴ് ചെയ്തത്. ചിത്രം വിജയമായിരുന്നു. പക്ഷേ, കഥയ്‌ക്ക് ഒരു മർമ്മമുണ്ട്. അത് ഫാസിൽ സാറിനെ പോലെ പി വാസു അടക്കമുള്ള സംവിധായകർക്ക് മനസിലായില്ല. അവരെ ഞാൻ കുറ്റം പറയുകയല്ല, പക്ഷേ ഇതാണ് സത്യം”.
“അവർ സിനിമ കണ്ടു, റീമേക്ക് ചെയ്തു. പക്ഷേ അതിന്റെ ഉള്ളിന്റെയുള്ളിൽ കിടക്കുന്ന മർമ്മം കണ്ടില്ല. അത് ഫാസിൽ സാറിനെ പോലെ മനസ്സിലാക്കിയ ഒരു സംവിധായകൻ ഇല്ല. മോഹൻലാൽ ഗംഗയെ പറ്റി പറയുന്ന ഒരു രംഗമുണ്ട്. ഫാസിൽ സാറും മോഹൻലാൽ എന്ന അതുല്യപ്രതിഭയും ചേർന്നപ്പോൾ ഗംഭീരമായി. മോഹൻലാലോ മമ്മൂക്ക യോ സുരേഷ് ഗോപിയോ ഒക്കെ പറഞ്ഞാൽ അത് ഗംഭീരമാവും. കാസ്റ്റിംഗ് എന്നത് പ്രധാനമാണ്. കാരണം ജനങ്ങൾക്ക് അത് ഉൾക്കൊള്ളാൻ ആകണം. തിയേറ്ററിൽ ഇരുന്ന് മോഹൻലാൽ പറയുന്ന ഒരു സംഭാഷണം കണ്ടും കേട്ടും അത് തലച്ചോറിലെത്തി മനസ്സിലാക്കുമ്പോഴാണ് യഥാർത്ഥ എക്സ്പീരിയൻസ് നമുക്ക് ലഭിക്കൂ. ഡോക്ടർ സണ്ണിയായി മോഹൻലാൽ പൂർണമായും മാറുകയായിരുന്നു. അന്യഭാഷയിലെ നടീ നടന്മാർ മോശമല്ല. പക്ഷേ, മോഹൻലാലിനെ പോലെ ഉൾക്കൊള്ളാൻ അവർക്ക് സാധിക്കില്ല. അതുകൊണ്ടാണ് തമിഴിലെ നാഗവല്ലിയെ കാണുമ്പോൾ ചിരി വരുന്നത്”.
“മറ്റൊരു ഭാഷയ്‌ക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള നടീനടന്മാർ മലയാളത്തിലുണ്ട്. അവർ അഭിനയിച്ച ഒരു ചിത്രവു മറ്റു ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോൾ അതുകൊണ്ടാണ് നമുക്ക് ഇഷ്ടപ്പെടാതിരിക്കുന്നത്. യഥാർത്ഥ സിനിമ കണ്ടിട്ടില്ലാത്തതുകൊണ്ട് ആ ഭാഷയിലെ പ്രേക്ഷകർക്ക് അതൊരു പക്ഷേ ഇഷ്ടപ്പെട്ടേക്കാം. യഥാർത്ഥ സിനിമയുടെ ഒരു മുപ്പത് ശതമാനം മാത്രമായിരിക്കും റീമേക്ക് ചെയ്യപ്പെടുന്ന സിനിമയിൽ ഉണ്ടായിരിക്കുക. അവിടത്തെ പ്രേക്ഷകർക്ക് അത് മതിയാവും. പക്ഷേ നമുക്കത് ആസ്വദിക്കാൻ കഴിയില്ല”-സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞു.