ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുമെന്നും പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരും എൻടിഎയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നീതി ഉറപ്പാക്കും. 24 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ല. പരീക്ഷയുമായി ബന്ധപ്പെട്ട് 1500 വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കോടതിയിൽ മറുപടി നൽകും. വിഷയം പരിഹരിക്കുന്നതിനായി അക്കാദമിക് വിദഗ്ദരുടെ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും
അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിജയകരമായി നീറ്റ്, ജെഇഇ, സിയുഇടി പരീക്ഷകൾ പൂർത്തിയാക്കിയ ഏജൻസിയാണ് എൻടിഎ. പരീക്ഷയിൽ എന്തെങ്കിലും തരത്തിൽ തെറ്റായ പ്രവണതയുണ്ടായാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്കുള്ള പരീക്ഷ ഈ മാസം 23 ന് വീണ്ടും നടത്താൻ സുപ്രീംകോടതി എൻടിഎയ്‌ക്ക് നിർദേശം നൽകി. കൗൺസലിംഗ് നിർത്തി വയ്‌ക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി തള്ളി. റീടെസ്റ്റ് എഴുതാൻ താത്പര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അവർ നേരത്തെ എഴുതി ലഭിച്ച ഗ്രേസ് മാർക്ക് ഒഴിവാക്കിയ സ്‌കോർ നൽകും. റീടെസ്റ്റിന് ശേഷം അടുത്ത മാസം ആദ്യവാരം പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കും. ജൂലൈ ആറിന് നടക്കുന്ന െകൗൺസിലിംഗിനെ ബാധിക്കാത്ത തരത്തിൽ ഈ മാസം 30ന് ഫലം പ്രഖ്യാപിക്കുമെന്ന് എൻടിഎ കോടതിയെ അറിയിച്ചു.