ഗുരുവായൂർ: പുണ്യശ്ലോകനായ വറതച്ചൻ്റെ ജീവിത വഴിത്താരകളെ ആസ്‌പദമാക്കി ‘വിൻസെന്റ് കോട്ടപ്പടി’ രചിച്ച ആലാഹയുടെ അരുമ എന്ന ചരിത്ര നോവലിൻ്റെ പുനഃപ്രകാശന കർമ്മം ജൂൺ 8ന് കോട്ടപ്പടി സെൻ്റ് ലാസേഴ്‌സ് പള്ളിയിൽ വെച്ച് നടന്നു.
സമൂഹ്യ ഉച്ചനീചത്വങ്ങൾ കൊടുകുത്തി വാണിരുന്ന ഒരു കാലഘട്ടത്തിൽ ജാതിമത ഭേദമില്ലാതെ, തൊട്ടു കൂടാത്തവരേയും തീണ്ടി കൂടാത്തവരേയും ഒരു പിതാവിൻ്റെ സ്നേഹ വാത്സല്യത്തോടെ നെഞ്ചോട് ചേർത്തണച്ച യോഗീവര്യനായ വറതച്ചൻ്റെ സുവിശേഷം മനോഹരമായ ഒരു കവിതപോലെ നൈസർഗീകമായും നാട്ടുമൊഴി പോലെ സഹജമായും പ്രതിപാദിക്കുന്ന ഈ നോവൽ ഏവർക്കും മികച്ച വായനാനുഭവം നൽകുന്നതാണ്.
ആദ്യപതിപ്പിൽ പ്രസിദ്ധീകരിച്ച 2000 പ്രതികളും വിറ്റു കഴിഞ്ഞ സാഹചര്യത്തിലാണ് 2-ാം പതിപ്പ് വറതച്ചൻ ട്രസ്റ്റ് 110-ാം ശ്രാദ്ധാ ഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്. ദിവ്യബലിക്കുശേഷം തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാനിധ്യത്തിൽ വികാരി ഫാ. ഷാജി കൊച്ചുപുരക്കൽ പുസ്‌തകത്തിൻ്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ഗ്രന്ഥ കർത്താവ് വിൻസെൻ്റ് കോട്ടപ്പടിക്കുപുറമെ ട്രസ്റ്റ് സെക്രട്ടറി ജോമോൻ ചുങ്കത്ത്, ജനറൽ കൺവീനർ ലിൻ്റോ ചാക്കോ സി., കൈക്കാരന്മാരായ ഡൈസൻ പഴുന്നാന, എം. എഫ്. വിൻസെന്റ്, ജാക്സൻ നീലങ്കാവിൽ, ജോസഫ് വാഴപ്പുള്ളി കർമ്മസമിതി പ്രസിഡണ്ട് എന്നിവരും സന്നിഹിതരായിരുന്നു. ജീവിച്ചിരിക്കെ ‘പുണ്യവാൻ’ എന്ന് ഖ്യാതി നേടിയ, കൃഷിയേയും കർഷകനേയും ഏറെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത പുണ്യപുരുഷനായിരുന്നുവറതച്ചൻ. ഇന്നും അനേകർ ഈ വന്ദ്യവൈദികൻ്റെ കബറിടത്തിങ്കൽ അനുഗ്രഹ ലബ്ദിക്കായി ഓടിയണയുന്നത് പതിവുകാഴ്ചയാണ്.