അമരാവതി : തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മകൻ നാര ലോകേഷ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോടൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്ര ദർശനത്തിനെത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനത്തിന്റെ ഭാഗമായി ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്ര പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ വിശ്വാസം സംരക്ഷിക്കുന്നതിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചന്ദ്രൻബാബു നായിഡു ക്ഷേത്ര ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് തിരുപ്പതി ദേവസ്ഥാനത്ത് വൻ ക്രമക്കേടുകൾ നടന്നുവെന്ന് ചന്ദ്രബാബു നായിഡു മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തിരുമല ദേവസ്ഥാനത്തെ അഴിമതികളും ക്രമക്കേടുകളും ഇല്ലാതാക്കാനും വിശ്വാസം സംരക്ഷിക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തെ അശുദ്ധമാക്കുന്ന യാതൊന്നും അംഗീകരിക്കാനാവില്ല. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി അക്ഷീണം പ്രയ്തനിക്കും. ആന്ധ്രാപ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി മാറ്റും. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.