കോഴിക്കോട് : കേരളത്തിലെ രണ്ട് മുന്നണികളും അവരുടെ തെറ്റ് തിരുത്താൻ തയ്യാറല്ലെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭാ സീറ്റ് നിർണയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇക്കാര്യത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. വോട്ട് ചോർച്ച തടയാൻ സിപിഎം കൂടുതൽ മുസ്ലീം പ്രീണനത്തിലേക്ക് പോവും. കേരളത്തിന് മുസ്ലീം മുഖ്യമന്ത്രി എന്ന മുദ്രാവാക്യമാവും ഇനി അവർ മുന്നോട്ട് വെക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
ജി.സുധാകരൻ സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനെ പോപ്പുലർഫ്രണ്ട് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പല ബ്രാഞ്ച്- ലോക്കൽ-ഏരിയ കമ്മിറ്റികളിലും ഒരു പ്രത്യേക സമുദായത്തിന് അനർഹമായ പരിഗണന ലഭിക്കുന്നുവെന്ന് സിപിഎം അണികൾ തന്നെ തുറന്ന് പറയുന്നു. ഇതിന്റെ പരിണിതഫലമാണ് കമ്മ്യൂണിസ്റ്റ് കോട്ടകളിലെ ബിജെപിയുടെ മുന്നേറ്റം.
യുഡിഎഫും പ്രീണന രാഷ്ട്രീയമാണ് പിന്തുടരുന്നത്. ഈ തെരഞ്ഞെടുപ്പിൽ അവർക്ക് പിടിച്ചു നിൽക്കാനായത് പിണറായി വിജയന്റെ സിഎഎ പ്രചാരണം മൂലം ഉണ്ടായ മുസ്ലീം വോട്ടുകളുടെ ഏകീകരണമാണ്. രാഹുൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ആദ്യം ചെയ്യുക പോപ്പുലർഫ്രണ്ടിന്റെ നിരോധനം നീക്കാനുള്ള ഫയലിൽ ഒപ്പിടുകയാവുമെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ഒബിസി സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ, ജില്ലാ ജനറൽസെക്രട്ടറി ഇ.പ്രശാന്ത്കുമാർ എന്നിവർ സംബന്ധിച്ചു.