തൃശൂർ: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സിപിഐ സർക്കാർ തലത്തിൽ നേതൃമാറ്റം ആവശ്യപ്പെടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോൽവി പരിശോധിക്കാൻ സിപിഐ, സിപിഎം സംയുക്ത സമിതി ഉണ്ടാകില്ലെന്നും വലിയ പാഠം ഉൾക്കൊള്ളാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ക്ഷേമ പെൻഷൻ, സപ്ലൈകോ ഉൾപ്പെടെ ജനങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഇടതുമുന്നണിയുടെ നേതൃനിരയിൽ മാറ്റം വരണമെന്ന് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഐയുടെ ജില്ലാ എക്‌സിക്യൂട്ടിവ് യോഗങ്ങളിൽ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണ് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം തുടരുകയാണെന്നും നേതാക്കൾ വിലയിരുത്തി.