കണ്ണൂർ: ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിലെ ആദ്യ ഇരയാണ് വാടിക്കൽ രാമകൃഷ്ണൻ. അന്നു തുടങ്ങിയ കൊലപാതക പരമ്പരകൾ ഇന്നും സിപിഎം തുടരുകയാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും ബിജെപിയുടെയും വളർച്ച ഭയന്നാണ് കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് സിപിഎം തുടക്കം കുറിച്ചത്. വാടിക്കൽ രാമകൃഷ്ണനെ പോലുള്ള നിരവധി ബലിദാനികളുടെ പ്രവർത്തനമാണ് ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചത്. കേരളത്തിൽ നിന്നും ലോക്സഭയിലേക്ക് ആദ്യ ബിജെപി എംപിയായി വിജയിച്ചതിന് പിന്നാലെയാണ് വാടിക്കൽ രാമകൃഷ്ണന് പ്രണാമം അർപ്പിക്കാൻ സുരേഷ്ഗോപി കണ്ണൂരിലെത്തിയത്. വീട്ടിലെത്തിയ സുരേഷ് ഗോപിയെ ആരതി ഉഴിഞ്ഞാണ് കുടുംബം വരവേറ്റത്.
1969 ഏപ്രില്‍ 28-നാണ് വാടിക്കൽ രാമകൃഷ്ണൻ സിപിഎമ്മുകാരാൽ അതിക്രൂരമായി കൊല ചെയ്യപ്പെടുന്നത്. തലശ്ശേരിയിലെ പാവപ്പെട്ട ഒരു തയ്യല്‍ തൊഴിലാളിയായിരുന്ന രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണം കൊണ്ടാണ് അക്രമികള്‍ ഇല്ലാതാക്കിയത്. രാമകൃഷ്ണന്റെ കൊലപാതകം കേരളത്തിലെ ആദ്യ രാഷ്‌ട്രീയ കൊലപാതകം കൂടിയായിരുന്നു. ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഈ കൊലക്കേസിൽ പങ്കാളിയായിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്ന്. അതിനാൽ തന്നെ സുരേഷ് ഗോപിയുടെ സന്ദർശനം ഒരു സന്ദേശം കൂടിയാണ്. എന്തിനുവേണ്ടി കമ്മ്യൂണിസ്റ്റുകാർ ചോര വീഴ്‌ത്തിയോ, അതിനെയെല്ലാം മറികടന്ന് ബിജെപി കേരളത്തിൽ വിജയിച്ചു കഴിഞ്ഞു എന്ന സന്ദേശം.
തയ്യല്‍പണി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് അരിയും സാധനങ്ങളുമായി നടന്നു പോകുകയായിരുന്ന രാമകൃഷ്ണനെ ഇരുട്ടിന്റെ മറവിലായിരുന്നു ആക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പഠിക്കുകയായിരുന്നു പിണറായി വിജയൻ. കേസിൽ പ്രതിയായിരുന്ന പിണറായി വിജയനെ തെളിവിന്റെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. വർഷങ്ങൾക്കിപ്പുറം വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ പ്രതിയായിരുന്ന ഒരാൾ സംസ്ഥാനം ഭരിക്കുമ്പോഴാണ് ബിജെപിയുടെ വിജയം സുരേഷ് ഗോപിയിലൂടെ സാധ്യമായിരിക്കുന്നത്.