തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുവൈത്തിൽ ഭാരതീയർക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും കേന്ദമന്ത്രി അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ്ഗോപി പ്രതികരിച്ചത്.
കുവൈത്തിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ സജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. കുവൈത്തിലുള്ള ഭാരതീയരുടെ സുരക്ഷയ്‌ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണ്. നമ്മുടെ എല്ലാ സഹോദരങ്ങളും സുരക്ഷിതരായിരിക്കുകയും, ഈ ദുരന്തം ഒരുമിച്ച് അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കുവൈത്ത് അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പലരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കത്തിക്കരിഞ്ഞിട്ടുണ്ടെന്നും, ഇവ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 മലയാളികളാണ് മരിച്ചത്.
ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 ഭാരതീയരാണ് മരിച്ചത്. ചികിത്സയിയിലുള്ളവരിൽ 9 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് കെട്ടിട, കമ്പനി ഉടമകൾ, ഈജിപ്ഷ്യൻ സ്വദേശിയായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കുവൈത്ത് ഭരണകൂടം വ്യക്തമാക്കി.