തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസ് കൊലപാതകക്കേസിൽ വിചാരണയ്‌ക്ക് ഹൈക്കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. നാളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് തടഞ്ഞു. വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഡോ. വന്ദനാ ദാസ് കൊലപാതകക്കേസിൽ പ്രതിയായ സന്ദീപ് നൽകിയ വിടുതൽ ഹർജി കൊല്ലത്തെ വിചാരണക്കോടതി തള്ളിയിരുന്നു. പ്രതി വിചാരണ നേരിടണം എന്നായിരുന്നു കോടതിയുടെ ഉത്തരവ്. പൊലീസ് ഉന്നയിച്ച കൊലപാതകക്കുറ്റം നിലനിൽക്കും എന്നും കോടതി കണ്ടെത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതി സന്ദീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് വിചാരണ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പൊലീസിനോട് കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
വിചാരണ നടപടികളുടെ തുടക്കം എന്ന നിലയിൽ നാളെ പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ഇരിക്കുകയായിരുന്നു. ഇതടക്കമുള്ള നടപടികളാണ് കോടതി തൽക്കാലത്തേക്ക് തടഞ്ഞിരിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി കൂടെ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കൊലപാതകക്കുറ്റമാണോ നരഹത്യ കുറ്റമാണോ എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്നും ഇതിൽ വ്യക്തത വേണമെന്നുമാണ് പ്രതി നൽകിയ ഹർജിയിൽ പറയുന്നത്