ടി20 ലോകകപ്പിൽ സൂപ്പർ 8ലേക്ക് യോഗ്യത നേടി വെസ്റ്റിൻഡീസ്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 13 റൺസിനായിരുന്നു കരീബിയൻ സംഘത്തിന്റെ ജയം. രണ്ടാം തോൽവിയോടെ ന്യൂസിലൻഡിന്റെ സൂപ്പർ 8 സാധ്യതകൾ മങ്ങി. ഗ്ലെൻ ഫിലിപ്‌സാണ് ന്യൂസിലൻഡിന്റെ തോൽവി ഭാരം കുറച്ചത്. സ്‌കോർ: 149/9; 136/9
അത്ര ഭേദപ്പെട്ട തുടക്കമായിരുന്നില്ല ന്യൂസിലൻഡിന്. പവർ പ്ലേയിൽ 2 വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലായിരുന്നു കിവീസ്. ഡെവോൺ കോൺവെ (5), ഫിൻ അലൻ (26) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. പവർ പ്ലേയ്‌ക്ക് പിന്നാലെ കെയ്ൻ വില്യംസണും(1) പുറത്തായതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. രചിൻ രവീന്ദ്ര (10), ഡാരിൽ മിച്ചൽ (12), ടിം സൗത്തി (0), ട്രെന്റ് ബോൾട്ട് (7), ജെയിംസ് നീഷം(10) എന്നിവരാണ് പുറത്തായ താരങ്ങൾ. ഗ്ലെൻ ഫിലിപ്‌സിന്റെ(40) ഒറ്റയാൾ പോരാട്ടമാണ് കിവീസിനെ കൂറ്റൻ തോൽവിയിൽ നിന്ന് രക്ഷിച്ചത്. വിൻഡീസ് നിരയിൽ 4 വിക്കറ്റുമായി അൽസാരി ജോസഫ് തിളങ്ങി.
മോശപ്പെട്ട തുടക്കമായിരുന്നു വെസ്റ്റിൻഡീസിന്. 30 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കരീബിയൻ കരുത്തർക്ക് നഷ്ടമായത്. ജോൺസൺ ചാൾസ് (9), ബ്രൻഡൻ കിംഗ് (9), നിക്കോളാസ് പൂരാൻ (17), റോസ്റ്റൺ ചേസ (0), റോവ്മൻ പവൽ (1) എന്നിവരാണ് മടങ്ങിയത്. ഒരറ്റത്ത് റൂഥർഫോർഡ് പ്രതിരോധിച്ച് കളിച്ചതോടെയാണ് വിൻഡീസ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
അകെൽ ഹൊസൈൻ (15) ആന്ദ്രെ റസ്സൽ (15), റൊമാരിയോ ഷെഫേർഡ് (13) എന്നിവർ വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആറ് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 68 റൺസാണ് താരം റൂഥർഫോർഡ് നേടിയത്.