ന്യൂഡൽഹി: കുവൈത്ത് അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പലരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കത്തിക്കരിഞ്ഞിട്ടുണ്ടെന്നും, ഇവ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്. 43ലധികം ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്. മൃതദേഹങ്ങൾ തിരികെ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അപകടത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്. പലരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും സാധിക്കാത്ത രീതിയിലാണ് കത്തിക്കരിഞ്ഞത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞാൽ ഇടനെ തന്നെ അവ ബന്ധുക്കളെ അറിയിക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ വിമാനവും സജ്ജമാണ്. മരിച്ചവരിൽ എത്ര പേർ ഇന്ത്യക്കാരാണ് എന്നത് സംബന്ധിച്ചുള്ള കൃത്യമായ കണക്കുകൾ ശേഖരിച്ച് വരികയാണെന്നും” കീർത്തി വർധൻ സിംഗ് വ്യക്തമാക്കി.
കുവൈത്തിലെ ഇന്ത്യൻ എംബസിയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും, ദുരിതബാധിതരെ സഹായിക്കാൻ പ്രദേശത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. പരിക്കേറ്റവരെ കുവൈത്തിലെ അഞ്ച് സർക്കാർ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാനാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്താൻ കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ഉത്തരവിട്ടു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്നും, കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അമീർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടമുണ്ടായ കെട്ടിടത്തിന്റെ ഉടമയേയും സെക്യൂരിറ്റി ജീവനക്കാരനേയും അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫസദ് അൽ യൂസഫ് അൽ സബാഹ് പൊലീസിന് നൽകിയിട്ടുണ്ട്. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യം പ്രാഥമികമായി പരിശോധിക്കും. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഫ്ളാറ്റിൽ തീ പടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.